വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി മമ്മൂട്ടിയുടെ ‘വിദ്യാമൃതം’
Monday, May 29, 2023 12:41 AM IST
കൊച്ചി: പഠനത്തില്‍ മിടുക്കരായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികള്‍ക്ക് കരുതലും കൈത്താങ്ങുമായി നടന് മമ്മൂട്ടി. പ്ലസ് ടു ജയിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എംജിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍.
മെറിറ്റ് അടിസ്ഥാനത്തില്‍ 200 വിദ്യാര്‍ഥികള്‍ക്കു പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ധാരണാപത്രം മമ്മൂട്ടിക്ക് എംജിഎം ഗ്രൂപ്പ് ടെക്നിക്കല്‍ കോളജസ് വൈസ് ചെയര്മാന് വിനോദ് തോമസ് കൈമാറി. എംജിഎം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍ കാമ്പസുകളില്‍ എന്‍ജിനിയറിംഗ്, ഫാര്‍മസി, ബിരുദ, ഡിപ്ലോമ കോഴ്സുകളിലാണ് തുടര്‍പഠനത്തിന് സൗകര്യമൊരുക്കുക.
വിദ്യാഭ്യാസമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്കരിച്ച ‘വിദ്യാമൃത’ത്തിന്റെ മൂന്നാമതു പദ്ധതിയാണിത്. ഫോണ്‍: 9946483111, 9946484111, 9946485111.