ഒന്നര വയസുകാരിയുടെ സ്വകാര്യഭാഗത്ത് പരിക്ക്: പരാതിയില്ലെന്ന് രക്ഷിതാക്കൾ
Monday, May 29, 2023 12:17 AM IST
കോഴിക്കോട്: സ്വകാര്യഭാഗത്ത് മാരകമായി പരിക്കേറ്റ് ഒന്നര വയസുകാരി മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ തുടരുമ്പോഴും കേസെടുക്കുന്നതിനു നടപടി സ്വീകരിക്കാതെ രക്ഷിതാക്കൾ. 22നാണ് പന്നിയങ്കര സ്വദേശിയായ യുവതിയും അവരുടെ അമ്മയും ചേർന്ന് രാത്രി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്.
സംഭവം നടന്ന് രണ്ടുദിവസത്തിനു ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ, എന്താണു സംഭവിച്ചതെന്ന് തങ്ങൾക്കറിയില്ലെന്നും പരാതിയില്ലെന്നുമാണ് അന്നുമുതൽ ഇവർ സ്വീകരിച്ചുവരുന്ന നിലപാട്.
ആശുപത്രി അധികൃതർ വിവരം അറിച്ചതിന്റെ അടിസ്ഥാനത്തിൽ പന്നിയങ്കര പോലീസെത്തി വിവരങ്ങൾ അന്വേഷിച്ചു. കുട്ടി എപ്പോഴും തങ്ങളോടൊപ്പമാണുണ്ടാവാറുള്ളതെന്നും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും പരാതി ഇല്ലെന്നുമാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പോലീസിനു നൽകിയ മൊഴി. പരാതിയില്ലെന്ന മറുപടി ലഭിച്ചതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യാത്തതെന്നു പന്നിയങ്കര പോലീസ് അറിയിച്ചു.
പരിക്കേറ്റ് ആന്തരികാവയങ്ങൾ തകർന്നുപോയതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായ കുട്ടി പീഡിയാട്രിക് ഐസിയുവിൽ ചികിത്സയിലാണ്. കുടലിലും മലദ്വാരത്തിനും വരെ പരിക്കേറ്റ കുഞ്ഞിനെ കൊളോസ്റ്റമി ശസ്ത്രക്രിയയ്ക്കാണ് വിധേയമാക്കിയത്.
ഗുരുതരാവസ്ഥ തരണം ചെയ്തെന്നും ഡിസ്ചാർജ് ഉടൻ ഉണ്ടാകുമെന്നും മാതൃ-ശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീകുമാർ പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിൽനിന്നുള്ള സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ, ഈ സാംപിളുകൾ 72 മണിക്കൂറിനുള്ളിൽ കെമിക്കൽ പരിശോധനയ്ക്കായി ലാബിലെത്തിക്കേണ്ട പോലീസ് ഇതു സ്വീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.