കേരളത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നു: മുഖ്യമന്ത്രി
Monday, May 29, 2023 12:17 AM IST
കണ്ണൂർ: കേന്ദ്രസർക്കാർ കേരളത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസനരംഗത്തു കുതിക്കുകയാണ്. ഇതിനെ തകർക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വായ്പയെടുക്കാൻ സംസ്ഥാനത്തിനു പരിധി നിശ്ചയിച്ചതും സംസ്ഥാനത്തിന്റെ കടത്തിനു നിയന്ത്രണമേർപ്പെടുത്തിയതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കൺവൻഷൻ സെന്ററിൽ കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങളായവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണവും 2022ലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള സ്വർണമെഡൽ, കാഷ് അവാർഡ് വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വൻതോതിൽ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 32,500 കോടി രൂപ വായ്പയെടുക്കാൻ കഴിയുമെന്നാണ് നേരത്തേ കേന്ദ്രം അറിയിച്ചതെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാൻ മാത്രമാണ് അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.