സന്നിധാനത്തു പുലി ഇറങ്ങി
Sunday, May 28, 2023 2:59 AM IST
പത്തനംതിട്ട: പമ്പയ്ക്കു പിന്നാലെ സന്നിധാനത്ത് ഇറങ്ങിയ പുലിയുടെ ദൃശ്യങ്ങളും പുറത്ത്.
സന്നിധാനം ക്ഷേത്രത്തിനു പിൻഭാഗത്തു ഭസ്മക്കുളത്തിനു സമിപമുള്ള ശരണ സേതുവിലാണ് (ഇരുമ്പു പാലം) പുലി എത്തിയത്.
സന്നിധാനത്തുള്ള ദേവസ്വം ജീവനക്കാരാണ് പുലിയെ ആദ്യം കണ്ടത്. മാസപൂജയ്ക്കു ശേഷം നട അടച്ചിരിക്കുന്നതിനാൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരും തൊഴിലാളികളുമല്ലാതെ മറ്റാരും സന്നിധാനത്തില്ല. പാലത്തിന്റെ ഗർഡറിൽ കിടക്കുന്ന നിലയിലായിരുന്നു പുലി. ആളുകളെ കണ്ടതോടെ പുലി കാട്ടിലേക്ക് മറഞ്ഞു.
പുലിയുടെ ദൃശ്യം ഇതിനിടെ പലരും കാമറയിൽ പകർത്തി.ഏതാനും ദിവസം മുന്പ് പമ്പ ഗണപതി ക്ഷേത്രത്തിനു സമീപവും പുലി എത്തിയിരുന്നു. ക്ഷേത്ര മേൽശാന്തിയുടെ മുറിയുടെ മുൻഭാഗത്തുനിന്ന് ഒരു നായയെ പിടിച്ചുകൊണ്ടാണ് പുലി പോയത്. ഒന്നര മാസം മുന്പും പമ്പാ ഗാർഡ് മുറിക്കു സമീപം പുലി എത്തിയിരുന്നു.