ഏഴിമലയിൽ 207 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
Sunday, May 28, 2023 2:58 AM IST
ഏഴിമല: ഏഴിമല നാവിക അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 207 പേരുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. 104ാമത് ഇന്ത്യന്‍ നേവല്‍ അക്കാഡമി കോഴ്സ് 33, 34, 35, 37 ബാച്ച് നോവല്‍ ഓറിയന്റേഷന്‍ കോഴ്സ് എന്നിവയില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കിയവരാണ് പാസിംഗ് ഔട്ടില്‍ പങ്കെടുത്തത്. ശ്രീലങ്കന്‍ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ പ്രിയന്ത പെരേര അഭിവാദ്യം സ്വീകരിച്ചു.
ശ്രീലങ്ക, ബംഗ്ലാദേശ്, വിയറ്റ്നാം, മഡഗാസ്കര്‍, മൗറീഷ്യസ്, മാലിദ്വീപ് എന്നീരാജ്യങ്ങളില്നിന്നുള്ള എട്ടു പേരും പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ഉള്‍പ്പെടും. 12 വനിതാ കേഡറ്റുകളുമുണ്ട്. ഇന്ത്യന്‍ നേവല്‍ അക്കാഡമി ബിടെക് കോഴ്സിനുള്ള പ്രസിഡന്റിന്റെ സ്വര്‍ണ മെഡല്‍ രാഹുല്‍ കര്‍ക്കിയും നേവല്‍ ഓറിയന്റേഷന്‍ കോഴ്സിനുള്ള (എക്സ്റ്റന്റഡ്) സ്വര്‍ണമെഡല്‍ തരംഗ് ശങ്കര്‍ നാഗറും നേവല്‍ ഓറിയന്റേഷന്‍ കോഴ്സിനുള്ള (റെഗുലര്‍ ) സ്വര്‍ണമെഡലും മികച്ച വനിതാ കേഡറ്റിനുള്ള സാമൂതിരി ട്രോഫിയും വി.ആദിത്യയും ഏറ്റുവാങ്ങി.
ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എം.എ. ഹംപിഹോളി, നാവിക അക്കാഡമി കമാന്‍ഡാന്റ് വൈസ് അഡ്മിറല്‍ പുനീത് കെ.ബഹല്‍, ഡപ്യൂട്ടി കമാന്‍ഡന്റും ചീഫ് ഇന്‍സ്ട്രക്ടറുമായ റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, ഐഎന്‍എ പ്രിന്‍സിപ്പല്‍ റിയര്‍ അഡ്മിറല്‍ രാജ്വീര് സിംഗ്, നാവിക അക്കാദമി ട്രെയിനിംഗ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ കമഡോര്‍ അമിതാഭ് മുഖര്‍ജി, ഇന്‍സ്ട്രക്ടര്‍മാര്‍, ഓഫീസര്‍മാര്‍, കേഡറ്റുകളുടെ മാതാപിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.