കുമളിയിലെത്തിയ അരിക്കൊന്പനെ കാട്ടിലേക്ക് തുരത്തി
Saturday, May 27, 2023 1:05 AM IST
തൊടുപുഴ: കുമളിയിലെ ജനവാസ മേഖലയിലെത്തിയ അരിക്കൊന്പനെ ആകാശത്തേക്ക് വെടിയുതിർത്ത് വനത്തിലേക്ക് തുരത്തി. പിന്നീട് ലോവർ ക്യാന്പ് പവർ ഹൗസിനടുത്തുള്ള കൃഷിയിടങ്ങൾക്ക് സമീപമുള്ള വനത്തിലെത്തി. ഇവിടെ നിന്ന് വനത്തിലൂടെ ചിന്നക്കനാൽ ഭാഗത്തേക്ക് എത്തുമോയെന്ന ആശങ്കയിലാണ് വനംവകുപ്പ്.
ഇന്നലെ പുലർച്ചെ കുമളിയിലെ ഗാന്ധിനഗർ, തേക്കിൻകാട്, റോസാപ്പൂക്കണ്ടം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് അരിക്കൊന്പനെത്തിയത്. ആകാശത്തേക്ക് വെടിയുതിർത്തതിനെ തുടർന്നു ഇവിടെ നിന്നും തേക്കടി ബോട്ട് ലാൻഡ്ംഗിന് എതിർ വശത്തെ വനത്തിലേക്ക് നീങ്ങുകയായിരുന്നു.
പിന്നീട് ഉച്ചവരെ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയ്ക്കുള്ളിലായിരുന്നു. ഇവിടെ നിന്ന് തമിഴ്നാട് അതിർത്തിയിലേക്ക് അരിക്കൊന്പൻ നീങ്ങുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചു. തുടർന്ന് കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാത മുറിച്ചു കടന്ന് അരിക്കൊന്പൻ ലോവർ ക്യാന്പ് പവർ ഹൗസിന് സമീപമെത്തിയതായി തമിഴ്നാട് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.ആന ദേശീയപാത മുറിച്ചു കടക്കാനെടുത്ത അരമണിക്കൂറോളം സമയം വനംവകുപ്പ് ഇവിടെ ഗതാഗതം നിരോധിച്ചിരുന്നു.
അതിർത്തിയിലെ കുമളിയിൽ നിന്നു 12 കിലോമീറ്ററോളം അകലെയാണ് ആന ഇപ്പോഴുള്ളത്. കേരള-തമിഴ്നാട് വനംവകുപ്പും തമിഴ്നാട് പോലീസും ആനയുടെ സഞ്ചാരം നിരീക്ഷിച്ചുവരികയാണ്. ലോവർക്യാന്പ്, ഗൂഢല്ലൂർ ഭാഗത്തുള്ള ആളുകൾ ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.