വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു
Saturday, May 27, 2023 1:04 AM IST
പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് കൈക്കൂലി കേസിലെ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. തൃശൂർ വിജിലൻസ് കോടതിയാണു കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തേക്കാണു കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യംചെയ്യൽ അനിവാര്യമാണെന്നു വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.
1.06 കോടി ആസ്തിയുണ്ട് സുരേഷ്കുമാറിന്. ഇയാളുടെ അനധികൃത സ്വത്ത് സന്പാദനത്തെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം കൈക്കൂലി വന്ന വഴികളാണു പ്രധാനമായും പരിശോധിക്കുന്നത്. എന്തുകൊണ്ട് ഇത്രയധികം തുക കൈവശം സൂക്ഷിച്ചു, കൈക്കൂലി തുക മറ്റാരെങ്കിലുമായി പങ്കുവയ്ക്കാറുണ്ടോ, കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ, ഇയാൾ മറ്റാരുടെയെങ്കിലും ബിനാമിയാണോ എന്നതടക്കം അന്വേഷിക്കും.
മുന്പ് ജോലിയെടുത്തിരുന്ന വില്ലേജ് ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കിലും വിജിലൻസിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്. അതുകൊണ്ടുതന്നെ വിശദമായി അന്വേഷിക്കാനാണ് വിജിലൻസ് തീരുമാനം.
പ്രളയത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചിരുന്നു. പാലക്കയം വില്ലേജ് ഓഫീസ് പരിധിയിലെ വട്ടപ്പാറ, അച്ചിലട്ടി, കുണ്ടംപൊട്ടി ഭാഗങ്ങളിലായി ആകെ 46 പേർക്കാണ് സഹായം ലഭിച്ചത്. വിവിധ സർട്ടിഫിക്കറ്റുകൾ ആവശ്യമായി വന്നവരിൽനിന്ന് 5,000 മുതൽ അരലക്ഷം രൂപവരെ സുരേഷ് കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നാണു വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.