ഇന്നസെന്റിനെ അനശ്വരനാക്കിയ കഥാപാത്രങ്ങൾ കല്ലറയിലും
Sunday, April 2, 2023 1:04 AM IST
ഇരിങ്ങാലക്കുട: വിടപറഞ്ഞ നടൻ ഇന്നസെന്റിനെ അനശ്വരനാക്കിയ കഥാപാത്രങ്ങൾ കല്ലറയിലും കൊത്തിവച്ചു. അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ കിഴക്കേ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് വെള്ളിത്തിരയിൽ അദ്ദേഹം അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങളെ പതിപ്പിച്ചിട്ടുള്ളത്.
ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റിന്റെയും അന്നയുടെയുമാണ് ഈ ആശയം. കാബൂളിവാല, രാവണപ്രഭു, ദേവാസുരം, മിഥുനം, വിയറ്റ്നാം കോളനി, ഇഷ്ടം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, കല്ല്യാണരാമൻ, ആറാം തന്പുരാൻ, ഫാന്റം, നന്പർ 20 മദ്രാസ് മെയിൽ, മണിച്ചിത്രത്താഴ്, വെട്ടം, മനസിനക്കരെ, ഒരു ഇന്ത്യൻ പ്രണയകഥ, ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിംഗ്, റാംജിറാവു സ്പീക്കിംഗ്, മഴവിൽ കാവടി, സന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, പാപ്പി അപ്പച്ചാ തുടങ്ങി വിവിധ കഥാപാത്രങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
പഴയ ഫിലിം റീലിന്റെ മാതൃകയിലുള്ള കല്ലറയിൽ സിനിമയുമായുള്ള ഓർമകൾ നിലകൊള്ളുന്നു. ഇന്നസെന്റിന്റെ കല്ലറ കാണാനും പ്രണാമം അർപ്പിക്കാനും നിരവധിപേരാണ് എത്തുന്നത്. ഇന്നസെന്റിന്റെ ഏഴാം ഓർമദിനമായിരുന്നു ഇന്നലെ. അടുത്ത കുടുബാംഗങ്ങളും ബന്ധുക്കളും മാത്രമാണ് ഏഴാം ഓർമദിനത്തിൽ പങ്കെടുത്തത്.