മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗക്കേസ് : നിയമപോരാട്ടം നീണ്ടുപോയേക്കും
Saturday, April 1, 2023 1:39 AM IST
സാബു ജോണ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച കേസിലെ ഭിന്നവിധി മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസർക്കാരിനും തത്കാലത്തേക്ക് എങ്കിലും ആശ്വാസമായി. ഇനി ഈ കേസിൽ നടപടികൾ അനന്തമായി നീണ്ടു പോകുന്നതിനുള്ള സാധ്യതയാണു തെളിയുന്നത്.
ലോകായുക്തയിൽ നിന്നു പ്രതികൂല വിധി ഉണ്ടായിരുന്നെങ്കിൽ നിലവിലുള്ള സ്ഥിതിയിൽ മുഖ്യമന്ത്രിക്ക് രാജി വയ്ക്കേണ്ടി വരുമായിരുന്നു. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ ഉടൻ സ്ഥാനം ഒഴിയണമെന്ന 14-ാം വകുപ്പു നിലനിൽക്കുന്നതാണ് അതിനു കാരണം. ഈ വകുപ്പു ഭേദഗതി ചെയ്തു കൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചിരുന്നെങ്കിലും പിന്നീട് ഓർഡിനൻസിനു പകരം കൊണ്ടു വന്ന ബില്ല് നിയമസഭ പാസാക്കി അയച്ചെങ്കിലും ഇതുവരെ ഒപ്പു വച്ചിട്ടില്ല. അതുകൊണ്ടു തന്നെ 14-ാം വകുപ്പിനു നിലവിൽ പ്രാബല്യമുണ്ട്.
വിശാല ബെഞ്ചിനു കേസ് വിടാനാണു തീരുമാനം. കേസ് നിലനിൽക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കണം. നിലനിൽക്കുമെന്നു കണ്ടെത്തിയാലും വാദപ്രതിവാദങ്ങളെല്ലാം ആദ്യം മുതൽ തുടങ്ങണം. ചുരുക്കിപ്പറഞ്ഞാൽ ഇനി ഒരു തീർപ്പുണ്ടാകണമെങ്കിൽ കുറേയേറെ സമയമെടുക്കും. നീതി തേടി കോടതിയെ സമീപിക്കുമെന്നാണു പരാതിക്കാരനായ ആർ.എസ്. ശശികുമാർ പറഞ്ഞിരിക്കുന്നത്. ആ വഴിക്കു പോയാലും നിയമനടപടികൾ നീണ്ടു പോകും.
2018 ൽ നൽകിയ പരാതിയിൽ പ്രതിസ്ഥാനത്തുള്ളവരിൽ നിലവിൽ അധികാരസ്ഥാനത്തുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. അതുകൊണ്ടുതന്നെ പ്രതികൂല വിധി വന്നാൽ ബാധിക്കുക മുഖ്യമന്ത്രിയെ ആകുമായിരുന്നു. അത് ഒഴിവായി കിട്ടിയത് മുഖ്യമന്ത്രിക്കും പാർട്ടിക്കും മുന്നണിക്കും ആശ്വാസകരമാണ്.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന ദിനങ്ങളിൽ അന്നത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീലിനെതിരായി ലോകായുക്ത വിധി പ്രസ്താവിച്ചിരുന്നു. ബന്ധുവിനെ കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെതിരായ പരാതിയിലായിരുന്നു അന്നു വിധി ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തിൽ ജലീലിനു രാജി വയ്ക്കേണ്ടിയും വന്നു. ലോകായുക്ത വിധിക്കെതിരേ ജലീൽ സുപ്രീംകോടതി വരെ പോയെങ്കിലും രക്ഷ ഉണ്ടായില്ല.
ലോകായുക്ത വിധിക്കെതിരേ പ്രതിപക്ഷം കടുത്ത അമർഷമാണു പ്രകടിപ്പിച്ചത്. വിചിത്രവിധി എന്നാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെ കെ.ടി. ജലീൽ ഭീഷണിപ്പെടുത്തി വാങ്ങിയെടുത്ത വിധിയെന്നും സതീശൻ ആരോപിച്ചു.
ലോകായുക്തയുടെ ഫുൾ ബെഞ്ച് കേസ് നിലനിൽക്കുന്നതാണെന്നും അധികാരപരിധിയിൽ വരുന്നതാണെന്നും 2019 ൽ വിധിച്ചതിനു ശേഷം അതേ കാര്യത്തിൽ വ്യക്തത വരുത്താൻ വീണ്ടും വിശാല ബെഞ്ചിനു വിടാനുള്ള തീരുമാനത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. കേസ് നിലനിൽക്കുമോ എന്നതിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നെങ്കിൽ എന്തിനാണ് വിധി ഒരു വർഷത്തിലേറെ വൈകിപ്പിച്ചതെന്നും അവർ ചോദിക്കുന്നു.
വലിയൊരു തലവേദന തത്കാലത്തേക്കു മാറിപ്പോയതിൽ മുഖ്യമന്ത്രിക്ക് ആശ്വസിക്കാം. ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ വർഷങ്ങളായി തട്ടിക്കളിക്കുന്നതു പോലെ ദുരിതാശ്വാസനിധി ദുരുപയോഗ കേസും ഇനി നിയമപോരാട്ടത്തിന്റെ വഴിയിൽ ദീർഘനാൾ കിടന്നു പോയേക്കാം.