ജുബൽ ഇനിയും ജീവിക്കും അനേകരിലൂടെ....
Saturday, April 1, 2023 1:39 AM IST
കോട്ടയം: യുകെയില്‍ ബോക്സിംഗ് റിംഗിലുണ്ടായ അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കും.
കോട്ടയം കണ്ടംചിറയില്‍ ജുബല്‍ റെജി കുര്യന്റെ എല്ലാ അവയവങ്ങളും മാതാപിതാക്കള്‍ ദാനം ചെയ്തു. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ കായിക വ്യായാമ വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്ന ജുബല്‍ റെജി കുര്യനും കഴിഞ്ഞ 25നു ചാരിറ്റി ഇവന്റുമായി ബന്ധപ്പെട്ട ബോക്സിംഗ് മത്സരത്തില്‍ റിംഗിലുണ്ടായ അപകടത്തില്‍ തലയിടിച്ചു വീണാണ് ഗുരുതരമായ പരിക്കേറ്റത്. പരിശീലനം ലഭിച്ച ബോക്സിംഗ് മത്സരത്തില്‍ ആദ്യ രണ്ടു റൗണ്ടില്‍ ജുബൽ വിജയിച്ചിരുന്നു. മൂന്നാം റൗണ്ടിലാണു മരണ കാരണമാകുന്ന പരിക്കിനു വിധേയനാകുന്നത്. 29നു ജുബലിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
അബുദാബിയില്‍ തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥനായ കോട്ടയം കണ്ടംചിറയില്‍ റെജി കുര്യന്റെയും സൂസന് റെജിയുടെയും രണ്ടാമത്തെ മകനാണ്. സ്റ്റേസി മിറിയം കുര്യനും ജബല്‍ റെജി കുര്യനുമാണ് സഹോദരങ്ങള്‍.
യുകെയിലെ നടപടിക്രമങ്ങള്‍ കഴിഞ്ഞു കോട്ടയം വടവാതൂര്‍ ഗുഡ് എര്‍ത്ത് വില്ലയിലുള്ള വീട്ടില്‍ ഭൗതിക ശരീരം എത്തിക്കും. തുടര്‍ന്ന് ഇടവക പള്ളിയായ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലിലെ സെന്റ് ലാസറസ് പള്ളിയില്‍ സംസ്കരിക്കും.