ചിരിയുടെ തന്പുരാന് യാത്രാമൊഴി
Wednesday, March 29, 2023 12:56 AM IST
ഇരിങ്ങാലക്കുട: എന്നും ഇരിങ്ങാലക്കുട എന്ന നാടിന്റെ മേൽവിലാസമായിരുന്ന ഇന്നസെന്റ് ഇനി ഓർമയുടെ വെള്ളിത്തിരയിൽ. മലയാളികളെത്തിച്ചേർന്ന നാടുകളിലൊക്കെയും ഈ കൊച്ചുപട്ടണത്തെ പരിചയപ്പെടുത്തിയ ഇന്നസെന്റിനു യാത്രാമൊഴിയുമായി വൻ ജനസഞ്ചയമാണ് ഇരിങ്ങാലക്കുടയിൽ എത്തിച്ചേർന്നത്.
സാധാരണക്കാരിൽ സാധാരണക്കാരായവർ മുതൽ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ സിനിമാ രംഗങ്ങളിലെ പ്രമുഖരും അന്ത്യദർശനത്തിനായെത്തി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിന്റെ കിഴക്കേ പള്ളി സെമിത്തേരിയിലാണു സംസ്കാരം നടത്തിയത്. പിതാവ് തെക്കേത്തല കൊച്ചുവറീതിന്റെയും മാതാവ് മാർഗലീത്തയുടെയും കല്ലറകള്‍ക്കു സമീപമാണിത്.
സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
ഇരിങ്ങാലക്കുട: സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഇന്നസെന്റിന്റെ സംസ്കാരം. രാവിലെ പത്തോടെ വിലാപയാത്രയായാണു വസതിയിൽനിന്നു ഭൗതികദേഹം സെന്റ് തോമസ് കത്തീഡ്രലിൽ എത്തിച്ചത്.
ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ സംസ്കാര ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് എന്നിവർ സന്നിഹിതരായിരുന്നു.
മലങ്ക ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത മാർ പോളികാർപസ് കത്തീഡ്രൽ ദേവാലയത്തിൽ അനുശോചന സന്ദേശം നൽകി. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ഇന്നസെന്റിന്റെ വസതിയായ പാർപ്പിടത്തിലും കത്തീഡ്രൽ സെമിത്തേരിയിലും പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.