ലൈഫ് മിഷന് കോഴ: കള്ളപ്പണക്കേസില് ശിവശങ്കർ മുഖ്യസൂത്രധാരനെന്ന് ഇഡി
Wednesday, March 29, 2023 12:42 AM IST
കൊച്ചി: ലൈഫ് മിഷന് കോഴയിപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം. ശിവശങ്കറാണു മുഖ്യ സൂത്രധാരനെന്ന് ഇഡി ഹൈക്കോടതിയില് വ്യക്തമാക്കി.
ശിവശങ്കര് നല്കിയ ജാമ്യാപേക്ഷയെ എതിര്ത്ത് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണല് സോളിസിറ്റര് ജനറല് ആര്. ശങ്കരനാരായണനാണ് ഇക്കാര്യം അറിയിച്ചത്. ഹര്ജിയില് മറുപടി വാദത്തിനായി ശിവശങ്കറിന്റെ അഭിഭാഷകന് സമയം തേടി. ജസ്റ്റീസ് എ. ബദറുദ്ദീന് ഹര്ജി ഇന്നു വീണ്ടും പരിഗണിക്കും.
വടക്കാഞ്ചേരിയിലെ ഭവനരഹിതര്ക്കു വീടു നിര്മിച്ചു നല്കുന്ന ലൈഫ് മിഷന് പദ്ധതിക്കുവേണ്ടി യുഎഇ റെഡ് ക്രസന്റ് നല്കിയ 19 കോടി രൂപയില് 4.5 കോടി കോഴ നല്കിയെന്നു നിര്മാണക്കരാറെടുത്ത യൂണിടാക് കമ്പനിയുടെ എംഡി സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയിരുന്നു. ഈ കോഴത്തുകയില് ഒന്നരക്കോടി രൂപ ഡോളറാക്കി മാറ്റി വിദേശത്തേക്കു കടത്തിയെന്നും വ്യക്തമാക്കുകയുണ്ടായി.
തുടര്ന്നാണ് വിദേശനാണ്യവിനിമയ ചട്ട ലംഘനമുള്പ്പെടെയുള്ള കുറ്റങ്ങള് ചുമത്തി ഇഡി കേസെടുത്തത്. ഈ കേസില് കഴിഞ്ഞ ഫെബ്രുവരി 14 നാണ് ഒമ്പതാം പ്രതിയായ ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. പ്രതികള്ക്കു ലഭിച്ച പണത്തിന്റെ വഴികള് കണ്ടെത്തേണ്ടതുണ്ട്.
ഉന്നതപദവിയില്നിന്നു വിരമിച്ച ശിവശങ്കറിനു ജാമ്യം നല്കിയാല് തെളിവുകള് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനുമിടയുണ്ടെന്ന് ഇഡി വാദിച്ചു. ആരോഗ്യപ്രശ്നങ്ങള് ചൂണ്ടിക്കാട്ടി ശിവശങ്കര് നല്കിയ ജാമ്യഹര്ജി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
മൂന്നും വ്യത്യസ്ത കേസുകളെന്ന് ഇഡി
കേസില് ചില അവ്യക്തതകളുണ്ടെന്നു സിംഗിള് ബെഞ്ച് വാക്കാല് പറഞ്ഞു. നയതന്ത്ര ചാനല് വഴിയുള്ള സ്വര്ണക്കടത്ത് കേസിന്റെ തുടര്ച്ചയായാണു ലൈഫ് മിഷന് കേസും ഡോളര്കടത്തു കേസും രജിസ്റ്റര് ചെയ്തത്. ഇവ ഒരുമിച്ച് അന്വേഷിക്കാന് കഴിയില്ലേയെന്നു കോടതി ചോദിച്ചു. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില് പല കേസുകള് രജിസ്റ്റര് ചെയ്യുന്നത് നിയമപരമല്ലെന്നു നേരത്തേ ശിവശങ്കറിന്റെ അഭിഭാഷകന് വാദിച്ചിരുന്നു.
എന്നാല് മൂന്നും വ്യത്യസ്ത കേസുകളാണെന്ന് ഇഡി വിശദീകരിച്ചു. സ്വപ്നയുടെ പേരില് എടുത്ത ലോക്കറുകളില്നിന്ന് ഒരുകോടി രൂപ കണ്ടെടുത്തിരുന്നു. ശിവശങ്കറിന്റെ നിര്ദേശ പ്രകാരമാണ് ചാര്ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ചേര്ന്ന് ലോക്കറെടുത്തതെന്ന് സ്വപ്ന മൊഴി നല്കിയിട്ടുണ്ട്. കരാര് യൂണിടാക്കിന് നല്കുന്നതില് ശിവശങ്കറിന്റെ ഇടപെടല് ഉണ്ടായിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.