മോശം ഭക്ഷണം വിൽക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശ; ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ്
Wednesday, March 29, 2023 12:42 AM IST
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ വൻ അഴിമതി നടക്കുന്നതായി വിജിലൻസിന്റെ കണ്ടെത്തൽ. ഗുണമേന്മയില്ലാത്ത ആഹാരസാധനങ്ങൾ വിറ്റഴിക്കുന്നതിനു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നെന്നും വ്യാപാരികളിൽനിന്നു പിഴ ഈടാക്കാതെ അവരെ സഹായിക്കുന്നതായും വിജിലൻസ് കണ്ടെത്തി.
ഓപ്പറേഷൻ ഹെൽത്ത്-വെൽത്ത് എന്ന പേരിൽ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണു വൻ ക്രമക്കേട് കണ്ടെത്തിയത്.
സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസിലും, പതിനാലു ജില്ലകളിലെയും അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ ഓഫീസുകളിലും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴിലുള്ള ലാബുകളിലുമാണ് ഒരേസമയം മിന്നൽ പരിശോധന നടത്തിയത്.
പരിശോധനയിൽ ലഭ്യമായ വിവരങ്ങളനുസരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് വിറ്റഴിക്കുന്ന ആഹാരസാധനങ്ങളുടെ സാന്പിളുകൾ വ്യാപകമായി ശേഖരിക്കുന്നുണ്ടെങ്കിലും അതിന്മേൽ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും തുടർന്ന് നടപടികൾ സ്വീകരിക്കുന്നില്ല എന്നും വിജിലൻസ് കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിക്കുന്ന ഭക്ഷ്യസാന്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബുകളിൽ അയച്ച് പരിശോധന നടത്തിയ ശേഷം ‘സുരക്ഷിതമല്ലാത്തത്’ എന്ന് പരിശോധനാ ഫലം ലഭിക്കുന്ന ആഹാരസാധനങ്ങൾ വിൽക്കുന്നവരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഒരു വർഷത്തിനകം വിചാരണ ചെയ്യണമെന്നു ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്നു.
എന്നാൽ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥർ അഴിമതി നടത്തി ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വാങ്ങുന്നതിന് ഒരു വർഷത്തിലധികം കാലതാമസം എടുക്കുന്നതായും കാലതാമസം ഉണ്ടായതിന്റെ പേരിൽ ഭക്ഷ്യ ഉത്പാദകരോ വിതരണക്കാരോ ഇറക്കുമതി ചെയ്യുന്നവരോ നിയമ നടപടികളിൽനിന്നു രക്ഷപ്പെടുന്നതായും വിജിലൻസ് കണ്ടെത്തി.