എയ്ഡഡ് സ്കൂൾ താത്കാലിക നിയമനം; മാർഗനിർദേശവുമായി സർക്കാർ
Sunday, March 26, 2023 1:35 AM IST
തിരുവനന്തപുരം: ഭിന്നശേഷി സംവരണ പ്രശ്നവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം തടയപ്പെട്ടവർക്ക് വ്യവസ്ഥകളോടെ താത്കാലികമായി നിയമനാംഗീകാരം നൽകുന്നതിന് സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു.
2018 നവംബർ 18 മുതൽ 2021 നവംബർ ഏഴുവരെ വന്ന ഒഴിവുകളിലേക്ക് താത്കാലികമായി നിയമനാംഗീകാരം നൽകാമെന്ന ഹൈക്കോടതിയുടെ പുതിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാർഗനിർദേശം പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
2018 നവംബർ 18 മുതലുള്ള ഒഴിവുകളിൽ നിയമനാംഗീകാരമില്ലാതെ തുടരുന്ന അധ്യാപക-അനധ്യാപകരെ മാറ്റി ഭിന്നശേഷിക്കാർക്ക് നിയമനം നൽകണമെന്നും ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്നതുവരെ അവർക്കുള്ള ഒഴിവിൽ തുടരുന്ന അധ്യാപകർക്ക് മറ്റ് യോഗ്യതകളുണ്ടെങ്കിൽ താത്കാലിക ഒഴിവായി കണക്കാക്കി ശന്പള സ്കെയിലിൽ അലവൻസ് സഹിതം നിയമനാംഗീകാരം നൽകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഇവരുടെ പ്രബേഷൻ പ്രഖ്യാപിക്കാനോ വാർഷിക ഇൻക്രിമെന്റ് അനുവദിക്കാനോ പാടില്ല. ഇവരുടെ നിയമനാംഗീകാരത്തിന് ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല.
എംപ്ലോയ്മെന്റ് ഓഫീസർക്ക് ഒഴിവ് റിപ്പോർട്ട് ചെയ്ത സ്കൂളുകളിൽ മാത്രമേ താത്കാലിക നിയമനാംഗീകാരം നൽകൂ. താത്കാലിക നിയമനാംഗീകാരം ലഭിച്ചവരിൽ ഭിന്നശേഷിക്കാർ വരുന്നതുവഴി പുറത്തുപോകുന്നവർക്ക് അതേ സ്കൂളിൽ/അതേ മാനേജ്മെൻറ് കീഴിലെ മറ്റ് സ്കൂളുകളിൽ പിന്നീടുള്ള ഒഴിവിൽ പുനർനിയമനത്തിന് കെഇആർ പ്രകാരം അവകാശമുണ്ടാകും.റോസ്റ്റർ പ്രകാരം ഭിന്നശേഷി നിയമനത്തിന് ഒഴിവുകൾ മാറ്റിവച്ച് മാനേജർ ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ, നിജസ്ഥിതി ഉറപ്പുവരുത്തി 2018 നവംബർ 18 മുതൽ നടത്തിയ മറ്റ് നിയമനങ്ങൾ നിയമന തീയതി മുതൽ താത്കാലികമായി അംഗീകരിച്ച് ശന്പളവും ആനുകൂല്യങ്ങളും നൽകണം.
ഭിന്നശേഷി ഉദ്യോഗാർഥിയെ ആവശ്യപ്പെട്ട് മാനേജർ എംപ്ലോയ്മെന്റ് ഓഫീസർക്ക് അയച്ച അപേക്ഷ ഫോറത്തിന്റെ പകർപ്പ് ലഭ്യമായാൽ താൽക്കാലിക ഒഴിവിൽ നിയമിക്കപ്പെട്ടവർക്ക് നിയമനാംഗീകാരം നൽകാം. ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്ന തീയതി വരെയായിരിക്കണം ഇവർക്ക് നിയമനാംഗീകാരം.
സംവരണ നിയമനത്തിനായി യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭിക്കുന്നില്ലെങ്കിൽ ആ ഒഴിവിൽ താൽക്കാലിക നിയമന അംഗീകാരത്തോടെ തുടരുന്നയാളിനെ നിയമനം നേടിയ തീയതി മുതൽ തന്നെ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്താം.
ഭിന്നശേഷി സംവരണത്തിന് സാമൂഹികനീതി വകുപ്പ് ഉത്തരവിറക്കിയ 2018 നവംബർ 18 മുതൽ സംവരണം നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയ 2021 നവംബർ ഏഴു വരെയുണ്ടായ ഒഴിവുകളിൽ, ഈ തീയതിക്കുശേഷം നിയമിക്കപ്പെട്ടവരാണെങ്കിലും താത്കാലിക നിയമനാംഗീകാരത്തിന് അർഹരായിരിക്കും.
ഭിന്നശേഷി ഉദ്യോഗാർഥിയെ ആവശ്യപ്പെട്ട് മാനേജർ എംപ്ലോയ്മെന്റ് ഓഫീസർക്ക് നൽകിയ ഫോറത്തിന്റെ പകർപ്പും ഒഴിവുകളുടെ വിവരങ്ങളും ഹാജരാക്കി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ നിലവിലുള്ളവർക്ക് താത്കാലിക അംഗീകാരം നൽകൂ.
നിയമനങ്ങളുമായി ബന്ധപ്പെട്ട റോസ്റ്റർ തയാറാക്കി സമർപ്പിക്കാത്ത മാനേജ്മെന്റുകളുടെ ബാക്ക് ലോഗ് കണക്കാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ആ സ്കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.