പഴയിടം ഇരട്ടക്കൊലക്കേസ്: പ്രതിക്കു വധശിക്ഷ
Saturday, March 25, 2023 1:04 AM IST
കോട്ടയം: മണിമല പഴയിടത്ത് പിതൃസഹോദരിയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു വധശിക്ഷ. റിട്ട. പൊതുമരാമത്ത് സൂപ്രണ്ട് ചൂരപ്പാടിയില്‍ തീമ്പനാല്‍ എന്‍. ഭാസ്കരന് നായര്‍ (75), ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ ചുറ്റികയ്ക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ബന്ധു പഴയിടം ചൂരപ്പാടി അരുണ്‍ ശശിക്കാ(39)ണു വധശിക്ഷ വിധിച്ചത്.
കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണം. കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (സ്പെഷല്‍ കോടതി-രണ്ട്) ജഡ്ജി ജെ. നാസറിന്റേതാണു വിധി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.
മറ്റു വകുപ്പുകളായ ഭവനഭേദനത്തിന് (449) അഞ്ച് വര്‍ഷം കഠിനതടവും 5,000 രൂപ പിഴയും കവര്‍ച്ചയ്ക്ക് (397) ഏഴ് വര്‍ഷം കഠിനതടവിനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധികതടവ് അനുഭവിക്കണം. സംഭവം നടന്ന് 10 വര്‍ഷത്തിനു ശേഷമാണു വിധിയെത്തുന്നത്.
2013 ഓഗസ്റ്റ് 28നു തങ്കമ്മയുടെ സഹോദരപുത്രനായ അരുണ്‍ ആഡംബരജീവിതത്തിനു പണം കണ്ടെത്താന്‍ ഇരുവരെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണവും പണവും അപഹരിച്ചു.
അന്വേഷണം നടക്കുന്നവേളയി ൽ കഞ്ഞിക്കുഴിയിലൂടെ നടന്നു പോയ വീട്ടമ്മയുടെ മാല പൊട്ടിക്കുന്നതിനിടെ അരുണ്‍ കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ചോദ്യം ചെയ്ത പ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കെ. ജിതേഷായിരുന്നു പ്രോസിക്യൂട്ടര്‍.