കടൽ വില്‍ക്കാനുള്ള കേന്ദ്രപദ്ധതി ഉപേക്ഷിക്കണം: ജോസ് കെ. മാണി
Thursday, March 23, 2023 2:17 AM IST
കോട്ടയം: ബ്ലൂ ഇക്കോണമി നയം നടപ്പാക്കി വന്‍കിട കുത്തകകള്‍ ക്കും കോര്‍പറേറ്റ് ശക്തികള്‍ക്കും കടല്‍ വില്‍ക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നു കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി. കേരള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് -എം സംസ്ഥാനതല രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നയം നടപ്പായാല്‍ രാജ്യത്തെ 1.5 കോടി മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ മത്സ്യബന്ധന മേഖല പൂര്‍ണമായും വന്‍കിടക്കാര്‍ കൈയേറും. ഇതു സമുദ്രത്തിലെ മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവ് വരുത്തും.
മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകും. തീരദേശമേഖല പൂര്‍ണമായും കുത്തകകള്‍ക്കു കൈമാറുന്നതാണ് നയത്തിലെ പല വ്യവസ്ഥകളും. കടലിന്റെയും തീരദേശത്തിന്റെയും സ്വാഭാവികഘടനയില്‍ വന്‍വ്യതിയാനം സംഭവിക്കുന്ന വിധത്തിലാണ് ഏഴു മേഖലകളായി കടലിനെ വിഭജിച്ചുകൊണ്ടുള്ള നയത്തിന്റെ കരടിനു കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്.
കരട് രേഖ നടപ്പായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു വഴിതുറക്കും.മത്സ്യത്തൊഴിലാളികള്‍ക്കായി കടലവകാശ നിയമ നിര്‍മാണം നടത്താന്‍ രാജ്യം തയാറാകണം. ഇക്കാര്യം രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ജോസ് പറഞ്ഞു.
ബേബി മാത്യു അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം മേഖല കോ-ഓര്‍ഡിനേറ്ററായി ഫോര്‍ജിയോ റോബര്‍ട്ട്, കണ്‍വീനര്‍മാരായി ഐവിന് ഗാന്‍ഷ്യസ്, സന്തോഷ് ഷണ്മുഖൻ, എറണാകുളം മേഖല കോ-ഓര്‍ഡിനേറ്ററായി ജോസി പി. തോമസ്, കണ്‍വീനര്‍മാരായി പി.കെ. രവി, സജി ഫ്രാന്‍സിസ് എന്നിവരെയും തെരഞ്ഞെടുത്തു.