എം.ശിവശങ്കർ വിരമിച്ചു
Wednesday, February 1, 2023 12:43 AM IST
തിരുവനന്തപുരം : കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ സർവീസിൽനിന്നു വിരമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ യാത്രയയപ്പു ചടങ്ങിന്റെ പതിവു ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു വിരമിച്ചത്. പിൻഗാമിയായ പ്രണവ് ജ്യോതികുമാറിന് അദ്ദേഹം ചുമതലകൾ കൈമാറി.
എം.ശിവശങ്കർ അവസാന പ്രവൃത്തിദിനമായ ഇന്നലെ ഉച്ചയ്ക്കാണു സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിൽ എത്തിയത്. ഉദ്യോഗസ്ഥരുമായി സൗഹൃദ കൂടിക്കാഴ്ച നടത്തിയ അദ്ദേഹം തീർപ്പാക്കേണ്ട ചില ഫയലുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
വകുപ്പിലെ ഉദ്യോഗസ്ഥർ രണ്ടു ദിവസം മുന്പുതന്നെ അദ്ദേഹത്തിനു സ്നേഹോപഹാരം നൽകിയിരുന്നു. എന്നാൽ, ശിവശങ്കർ ഐഎഎസ് അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങ് നിരസിച്ചു.
സ്പ്രിംഗ്ലർ മുതൽ സ്വർണക്കടത്തു കേസ് വരെ സർക്കാരിനെ പിടിച്ചുലച്ച വിവാദങ്ങളിലെല്ലാം എം.ശിവശങ്കറിന്റെ പേരുൾപ്പെട്ടിരുന്നു. സ്വർണക്കടത്ത് കേസിൽ 98 ദിവസം ജയിലിൽ കിടന്നു. ഏറ്റവും ഒടുവിൽ ലൈഫ് മിഷൻ കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ ഇഡിയുടെ നോട്ടീസും അദ്ദേഹത്തിനു ലഭിച്ചു.