മൂലൂർ അവാർഡ് ഷീജാ വക്കത്തിന്
Wednesday, February 1, 2023 12:42 AM IST
പത്തനംതിട്ട: മുപ്പത്തിയേഴാമത് മൂലൂർ അവാർഡ് ഡോ. ഷീജാ വക്കത്തിന്റെ “ശിഖണ്ഡിനി”എന്ന കാവ്യാഖ്യായികയ്ക്ക്.
18 ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അവാർഡ് സമ്മാനിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ സ്മരണയ്ക്കായി സ്മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം 25001 രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണെന്ന് സെക്രട്ടറി വി. വിനോദ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രഫ.മാലൂർ മുരളീധരൻ കൺവീനറും പ്രഫ.പി.ഡി ശശിധരൻ, പ്രഫ.കെ. രാജേഷ് കുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയായ ഡോ.ഷീജ വക്കം മലപ്പുറം താനൂർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ സീനിയർ മെഡിക്കൽ ഓഫീസർ കൂടിയാണ്.