ഹെല്‍ത്ത് കാര്‍ഡ്; 30 ദിവസംകൂടി അനുവദിക്കണമെന്ന് ബേക്
Wednesday, February 1, 2023 12:42 AM IST
കൊച്ചി: ഭക്ഷ്യോത്പാദന മേഖലയിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള നിര്‍ദേശം നടപ്പാക്കാന്‍ 30 ദിവസം കൂടി ആവശ്യപ്പെട്ട് ബേക്കേഴ്സ് അസോസിയേഷന് കേരള (ബേക്).
പരിമിതമായ സമയത്തിനുള്ളില്‍ കേരളത്തിലെ ഇരുപതിനായിരത്തിലേറെ വരുന്ന ബേക്കറികളിലും ബോര്‍മകളിലും ജോലിയെടുക്കുന്ന ഒരുലക്ഷത്തിലധികം ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുകയെന്നത് പ്രായോഗികമല്ല. ഹെല്‍ത്ത് കാര്‍ഡ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നും അവ്യക്തതകള്‍ പരിഹരിക്കണമെന്നും എറണാകുളത്തു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടെ അടിയന്തരയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ഫുഡ് എക്സിബിഷനില്‍ കേരളത്തില്‍ നിന്ന് ആയിരം പ്രതിനിധികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ബേക്കിന്റെ സംസ്ഥാന സമ്മേളനം മാര്‍ച്ചിലും ബേക്കിന്റെ എക്സ്പോ മേയിലും എറണാകുളത്ത് നടത്താൻ തീരുമാനിച്ചു.
ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന് ദേശീയ പ്രസിഡന്റ് പി.എം. ശങ്കരന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് അധ്യക്ഷത വഹിച്ചു.