യുഡിഎഫ് ധവളപത്രം പുറത്തിറക്കി
Sunday, January 29, 2023 12:39 AM IST
തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ ധനപ്രതിസന്ധിയിലെന്നു യുഡിഎഫ് ധവളപത്രം. നാലുലക്ഷം കോടി രൂപയുടെ കടമാണ് നിലവിൽ കേരള സർക്കാരിനുള്ളതെന്നും സംസ്ഥാനത്തിന്റെ പോക്ക് അപകടകരമായ സ്ഥിതിയിലേക്കാണെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. ‘കട്ടപ്പുറത്തെ കേരള സർക്കാർ’ എന്ന പേരിൽ പുറത്തിറക്കിയ ധവളപത്രം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു.
ഒരു വശത്തു നികുതിപിരിവിലെ കെടുകാര്യസ്ഥതയും മറുവശത്തു സർക്കാരിന്റെ ദുർച്ചെലവുകളും അഴിമതിയും വിലക്കയറ്റവും കാരണം സംസ്ഥാനം തകർച്ചയിലാണെന്ന് പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശതമാനത്തിൽ താഴെ നിൽക്കണം. 2027ൽ ഇത് 38.2ശതമാനമാകുമെന്നാണ് ആർബിഐ പ്രവചനം. പക്ഷേ ഇപ്പോൾ തന്നെ ഇത് 39.1 ശതമാനമായി കഴിഞ്ഞെന്നാണ് ധവളപത്രത്തിലെ വിലയിരുത്തൽ.
വലിയ സംസ്ഥാനങ്ങളേക്കാൾ അപകടകരമായ സ്ഥിതിയാണിത്. യുഡിഎഫിന്റെ കഴിഞ്ഞ ധവളപത്രം 2020ൽ പ്രവചിച്ചതു പോലെ കിഫ്ബി ഇപ്പോൾ നിർജീവമായിരിക്കുകയാണ്. കിഫ്ബിയുടെ പക്കൽ ഇപ്പോൾ 3,419 കോടി മാത്രമാണുള്ളത്. ഇതുപയോഗിച്ച് 70,000 കോടി രൂപയുടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ എങ്ങനെയാണ് നടപ്പാക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേന്ദ്രത്തിന്റെ തെറ്റായ സമീപനം മൂലം 24,000 കോടിയുടെ വരുമാനം നഷ്ടമായതാണ് പ്രതിസന്ധിക്കു കാരണമെന്നാണു ധനമന്ത്രി പറയുന്നത്. എന്നാൽ പ്രധാന ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയാണെന്നാണ് യുഡിഎഫ് ധവളപത്രത്തിലെ വിമർശനം. സർക്കാർ സാധാരണക്കാരെ മറന്നു പ്രവർത്തിക്കുന്നതുകാരണം മുടങ്ങിയ പദ്ധതികളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്.
കർഷക കടാശ്വാസ കമ്മീഷൻ നൽകിയ ശിപാർശയുടെ പേരിൽ പ്രാഥമിക സഹകരണസംഘങ്ങൾക്കും ബാങ്കുകൾക്കും നൽകേണ്ട 400 കോടി രൂപ സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞു സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്.
നെല്ല് സംഭരണത്തിൽ സപ്ലൈക്കോ കർഷകർക്കു നൽകാനുള്ളത് 222 കോടി രൂപയാണ്. രണ്ടു ലക്ഷത്തോളം ക്ഷീരകർഷകർക്ക് നൽകേണ്ട മിൽക്ക് ഇൻസെന്റീവ് മൂന്നുമാസം കുടിശികയായിലാണ്. ക്ഷേമപെൻഷൻ വിതരണം ചെയ്യുന്ന സഹകരണബാങ്ക് ജീവനക്കാർക്കുള്ള ഒരു വർഷത്തെ ഇൻസെന്റീവ് സർക്കാർ നൽകിയിട്ടില്ലെന്നും ധവളപത്രം വ്യക്തമാക്കുന്നു.
സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനി ബാധ്യതയായി മാറി. 7982 കോടി രൂപയും പലിശയും സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിക്കു നൽകാനുണ്ട്. ചടുലമായ കാർഷികവ്യവസ്ഥ വലിയ നിരക്കിലാണ് ഖജനാവിലേക്കു പണം നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ ബഫർ സോണ് പ്രശ്നം മൂലമുണ്ടായ സാന്പത്തിക ആഘാതം സർക്കാർ കാണുന്നില്ല. വ്യവസായ നിക്ഷേപത്തിന്റെ കാര്യത്തിലും വ്യവസായ യൂണിറ്റുകളിലെ തൊഴിലിന്റെ കാര്യത്തിലും കേരളം അയൽസംസ്ഥാനങ്ങളേക്കാൾ പിന്നിലാണെന്നും ധവളപത്രം പറയുന്നു.
സി.പി. ജോണ് ചെയർമാനും എൻ.കെ.പ്രേമചന്ദ്രൻ എംപി, എൻ. ഷംസുദ്ദീൻ, പി.സി. തോമസ്, മാത്യു കുഴൽനാടൻ, ജി. ദേവരാജൻ, കെ.എസ്. ശബരീനാഥൻ എന്നിവരടങ്ങുന്ന ധനകാര്യ പ്ലാനിംഗ് സബ് കമ്മിറ്റിയാണ് ധവളപത്രം തയാറാക്കിയത്.