വൈദ്യുതിനിരക്ക് വർധിപ്പിച്ചു
Sunday, January 29, 2023 12:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നാലു മാസത്തേക്ക് വർധിപ്പിച്ചു. ഫെബ്രുവരി ഒന്നു മുതൽ മേയ് 31 വരെ വൈദ്യുതിക്ക് യൂണിറ്റിന് ഒമ്പതു പൈസ അധികം ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഇന്ധന സർചാർജായാണ് ഇത് ഈടാക്കുക.
മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവർധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപയോക്താക്കളിൽനിന്ന് ഈടാക്കുന്നതാണ് ഇന്ധന സർചാർജ്.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂണ്‍ വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനു ബോർഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്.
സർച്ചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും. യൂണിറ്റിന് 14 പൈസ സർച്ചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർഡിന്റെ ആവശ്യം.