പഴകിയ ഇറച്ചി: പട്ടികയിലെ പേരുകളിൽ സമഗ്ര അന്വേഷണം വേണമെന്നു ബേക്ക്
Thursday, January 26, 2023 12:44 AM IST
കൊച്ചി: കളമശേരിയിലെ വിവാദ സ്ഥാപനത്തില്‍നിന്നു പഴകിയ ഇറച്ചി വാങ്ങിയവരുടെ പട്ടികയില്‍ അസോസിയേഷന് അംഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറികളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ബേക്കേഴ്സ് അസോസിയേഷന് കേരള (ബേക്ക്).
പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. മുഖ്യപ്രതി അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഇറച്ചി വാങ്ങിയിട്ടില്ലാത്ത ബേക്കറികളുടെ പേരുകള്‍ ലിസ്റ്റില്‍ വന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ് എന്നിവര്‍ ആവശ്യപ്പെട്ടു.
അറുപത് വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറികളോട് സാമ്യമുള്ള പേരുകളാണ് കളമശേരി നഗരസഭ പുറത്തുവിട്ട ലിസ്റ്റിലുള്ളത്. അസോസിയേഷന്റെ കീഴിലുള്ള അഞ്ചു ബേക്കറികളും ഇയാളുടെ സ്ഥാപനത്തില്‍നിന്ന് ഇറച്ചി വാങ്ങിയിട്ടില്ല. ഈ പേരുകള്‍ക്ക് സാമ്യമുള്ള ബേക്കറികള്‍ ഇറച്ചി വാങ്ങിയിട്ടുണ്ടെങ്കില്‍ അത്തരം ബേക്കറികളുടെ യഥാര്‍ഥ പേരും പൂര്‍ണമായ മേല്വിലാസവുമാണു പുറത്തുവിടേണ്ടത്.
പഴകിയ ഇറച്ചിയാണെന്ന് അറിഞ്ഞുതന്നെയാണു വില്പന നടത്തിയതെന്ന പ്രതിയുടെ മൊഴി ഗൗരവമേറിയതാണ്. മാത്രമല്ല, വധശ്രമമടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് കേള്‍ക്കുന്നത്.
ഇത്രയും ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തി തയാറാക്കിയ പട്ടികയില്‍ ഇറച്ചി വാങ്ങിയിട്ടില്ലാത്തവരുടെ പേരുകള്‍ വന്നതില്‍ ദുരൂഹതയുണ്ട്. ഇത് അന്വേഷിച്ച് കണ്ടെത്തണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.