പിൻവാതിൽ നിയമനം:സിപിഎമ്മിനു സമാന്തര സംവിധാനമെന്നു വി.ഡി. സതീശൻ
Friday, December 9, 2022 12:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനങ്ങളിലൂടെ സിപിഎം നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരേ യുഡിഎഫിന്റെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകൾക്കു മുന്നിലും ധർണ സംഘടിപ്പിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പിഎസ്സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി സിപിഎമ്മിന്റെ സമാന്തര സംവിധാനമാണ് കേരളത്തിൽ നടന്നുവരുന്നതെന്നു സതീശൻ പറഞ്ഞു.
ജോലിക്ക് നിയമിക്കേണ്ടവരുടെ പേര് ആവശ്യപ്പെട്ട് മേയർ കത്തെഴുതിയത് പാർട്ടി സെക്രട്ടറിക്കാണ്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായതെന്നും അദ്ദേഹം ചോദിച്ചു. നിയമനം നൽകുന്നത് സിപിഎമ്മിന്റെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുമാണ്.
കേരളത്തിൽ പതിനായിരക്കണക്കിന് പാർട്ടിക്കാരെയാണ് ഇപ്രകാരം നിയമവിരുദ്ധമായി നിയമിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, എം. വിൻസന്റ്, ഡിസിസി പ്രസിഡന്റ് പാലോട് രവി, എ.എ. അസീസ്, വി.എസ്. ശിവകുമാർ, എൻ. ശക്തൻ, ജി. സുബോധൻ, ജി.എസ്. ബാബു, വി. പ്രതാപചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.