ഭരണഘടനാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാൻ നീക്കം: അമര്‍ജിത് കൗര്‍
Wednesday, December 7, 2022 11:49 PM IST
കൊച്ചി: സര്‍ക്കാര്‍ ഒഴികെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍.
സിഐഎസ്എഫ് പോലുള്ള സേനാവിഭാഗങ്ങള്‍ സര്‍ക്കാരിനു കീഴില്‍ ആവശ്യമില്ലെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ഇതിന്റെ ഭാഗമായി അഗ്നിവീര്‍ പദ്ധതിയിലൂടെ സേനാവിഭാഗങ്ങളില്‍ കരാര്‍ തൊഴിലിനു തുടക്കം കുറിച്ചുകഴിഞ്ഞു. എന്നാല്‍ തൊഴിലാളികളും ട്രേഡ് യൂണിയന് സംഘടനകളും ഈ നയത്തിനെതിരാണെന്നും അവര്‍ പറഞ്ഞു. ആലപ്പുഴയില്‍ ആരംഭിക്കുന്ന എഐടിയുസിയുടെ 42ാമത് ദേശീയ സമ്മേളനത്തിനു മുന്നോടിയായി കേരളത്തിലെത്തിയതായിരുന്നു അമര്‍ജിത് കൗര്‍ .
16 മുതല്‍ 20 വരെ നടക്കുന്ന സമ്മേളനത്തില്‍ ലോക ട്രേഡ് യൂണിയന് സംഘടനയുടെ പ്രസിഡന്റ് അടക്കമുള്ളവര്‍ പങ്കെടുക്കുമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് അറിയിച്ചു.
പത്തു വിദേശരാജ്യ പ്രതിനിധികളും, 40 വിദേശ തൊഴിലാളി സംഘടനകളും പ്രാതിനിധ്യം അറിയിച്ചിട്ടുണ്ട്. പി. രാജു, എലിസബത്ത് അസീസി, കെ.എന്‍. ഗോപി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.