വിഴിഞ്ഞത്ത് ആഭ്യന്തരവകുപ്പ് പരാജയം: കേന്ദ്രമന്ത്രി മുരളീധരൻ
Sunday, December 4, 2022 12:53 AM IST
തലശേരി: വിഴിഞ്ഞത്തേക്ക് കേന്ദ്രസേനയെ അയയ്ക്കുന്നതില്‍ വിയോജിപ്പില്ലെങ്കിലും സംഭവത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് പരാജയമാണെന്നു സർക്കാർ സമ്മതിച്ചിരിക്കുകയാണെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.
വിഴിഞ്ഞം കലാപം നടന്നതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് മാസ് ഡയലോഗ് നടത്തി. ആരു വന്നാലും സര്‍ക്കാരിനെ വിരട്ടാന്‍ കഴിയില്ലെന്നാണു പറഞ്ഞത്. അടുത്ത ദിവസം കേന്ദ്രസേന വരട്ടേയെന്നാണു മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം. കേന്ദ്രസേന വരട്ടേയെന്നു പറഞ്ഞതിലൂടെ ഭരണം നടത്താന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി സ്വയം സമ്മതിക്കുകയാണ്. വിഴിഞ്ഞത്ത് പദ്ധതി നടപ്പാകണം.
അവിടെയുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സമയബന്ധിതമായി നടപടിയെടുക്കുന്നതിലും സര്‍ക്കാരിനു വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിനാലാണ് അവിടെ പ്രശ്നങ്ങളുണ്ടായത്.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാതെ സർക്കാർ ഗവര്‍ണര്‍ക്കെതിരേ തിരിയുകയും സര്‍വകലാശാലകളില്‍ ബന്ധുനിയമനം നടത്താൻ ശ്രമിക്കുകയുമാണെന്നും വി. മുരളീധരന് ആരോപിച്ചു.