തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു പത്തുകിലോയിലേറെ കഞ്ചാവ് പിടികൂടി
Friday, November 25, 2022 11:12 PM IST
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു പത്തുകിലോയിലധികം കഞ്ചാവുമായി മൂന്നു പേരെ പിടികൂടി. ആർപിഎഫും എക്സൈസ് സ്പെഷൽ സ്ക്വാഡും ചേർന്നാണു കഞ്ചാവു പിടിച്ചത്.
തിരുവനന്തപുരം സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ചെന്നൈ-തിരുവനന്തപുരം മെയിലിൽനിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തിൽ അഞ്ചുപേരുണ്ടായിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട സ്വദേശികളായ ബിജോയ് ഭവനിൽ ബിജോയ് (25), ലിവിൻസ്റ്റണ് ബി.ടി. കുമാർ (21), പുത്തൻവീട്ടിൽ മഹേഷ് (20) എന്നിവരെയാണ് പിടികൂടിയത്. വിശാഖപട്ടണത്തുനിന്നു ആലുവയിലേക്കാണ് ഇവർ കഞ്ചാവ് കൊണ്ടുപോയിരുന്നത്.
പിടിച്ചെടുത്ത കഞ്ചാവിന് അഞ്ചുലക്ഷത്തോളം രൂപ വിലവരും. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ എൻ.കേശവദാസ്, തൃശൂർ ആർപിഎഫ് ഇൻസ്പെക്ടർ അജയ്കുമാർ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സിഐ സി.ജെ. ജുനിദ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.