ഗർഭഛിദ്രം :സുപ്രീംകോടതി വിധിയിൽ ആശങ്ക: കെസിബിസി പ്രോലൈഫ്
Friday, September 30, 2022 2:42 AM IST
കൊച്ചി: അവിവാഹിതകളായ യുവതികളടക്കം എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താൻ അവകാശമുണ്ടെന്ന സുപ്രീംകോടതി നിരീക്ഷണത്തിൽ കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതി ഉത്ക്കണ്ഠ രേഖപ്പെടുത്തി.
ഗർഭാവസ്ഥയിൽ തന്നെ മനുഷ്യജീവനായി പരിഗണിക്കേണ്ടതാണെന്ന ജൈവശാസ്ത്രപരമായ നിലപാടിനും ഒരു കുഞ്ഞിന്റെ ജനിക്കാനും ജീവിക്കാനുമുള്ള അവകാശത്തിനും എതിരെയുള്ളതാണു കോടതിവിധി.
അടുത്തയിടെയായി ഇതുസംബന്ധിച്ച പല വിധിപ്രസ്താവങ്ങളിലും മനുഷ്യത്വത്തിനും മതേതരത്വത്തിനും മനുഷ്യജീവനും വിലകൽപിക്കുന്നില്ലെന്ന സംശയം ബലപ്പെടുന്നു. മനുഷ്യ ജീവനു വിലകൽപ്പിക്കാത്ത ഇത്തരം വിധി പ്രസ്താവങ്ങൾ തിരുത്തപ്പെടേണ്ടതാണ്.
എംടിപി ആക്ട് എന്ന കിരാത നിയമം പിൻവലിക്കപ്പെടേണ്ടതാണെന്നും കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ്, പ്രസിഡന്റ് ജോൺസൺ ചൂരേപറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ എന്നിവർ ആവശ്യപ്പെട്ടു.