നേതാക്കൾക്കെതിരേ നടപടിക്കു സാധ്യത ; കാനത്തെ പരസ്യമായി വെല്ലുവിളിച്ച് ഇസ്മയിലും ദിവാകരനും
Wednesday, September 28, 2022 1:48 AM IST
എം.പ്രേംകുമാർ
തിരുവനന്തപുരം: പാർട്ടി സംസ്ഥാന സമ്മേളനത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ പ്രായപരിധി കർശനമാക്കുന്നതിന്റെ പേരിൽ സിപിഐയിൽ പുതിയ വിവാദം.
ചില ജില്ലാ സമ്മേളനങ്ങളിൽ സെക്രട്ടറിസ്ഥാനത്തേക്കു നടന്ന മത്സരം സംസ്ഥാന സമ്മേളനത്തിലും ഉണ്ടാകുമെന്ന സൂചന നൽകുകയാണു മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മയിലും സി. ദിവാകരനും.
പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ലക്ഷ്യമാക്കിയുള്ള വിമർശനം സംസ്ഥാന സമ്മേളനത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്ന ആകാംക്ഷയിലാണു പ്രവർത്തകരും നേതാക്കളും. എന്നാൽ, താൻ മൂന്നാം ടേമും പാർട്ടി സെക്രട്ടറിസ്ഥാനത്ത് ഉണ്ടാകുമെന്നു കാനം രാജേന്ദ്രനും വ്യക്തമാക്കുന്നതോടെ സിപിഐ ദേശീയ നേതൃത്വത്തിനു തിരുവനന്തപുരത്തു ജോലി കൂടുമെന്നുള്ളതു തീർച്ച.
സിപിഐ ദേശീയ കൗണ്‍സിൽ അംഗീകരിച്ച മാർഗരേഖ പ്രകാരമാണു പാർട്ടിയിൽ പ്രായപരിധി നടപ്പാക്കുന്നത്. ബ്രാഞ്ച് സമ്മേളനം മുതൽ ഈ നിർദേശം നടപ്പാക്കിയാണ് ഇപ്പോൾ സംസ്ഥാന സമ്മേളനത്തിലേക്കു സിപിഐ കടക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രായപരിധി 75 വയസ് എന്നതാണ് ഇപ്പോൾ പുതിയ വിവാദത്തിനു കാരണമായിരിക്കുന്നത്.
പാർട്ടി കോണ്‍ഗ്രസാണു ഇത്തരത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നാണു കെ.ഇ.ഇസ്മയിലും സി. ദിവാകരനും പറയുന്നത്. എന്നുമാത്രമല്ല ഇങ്ങനെയൊരു തീരുമാനം തങ്ങൾ അറിഞ്ഞിട്ടില്ലെന്നുമാണു ഇവരുടെ പക്ഷം.
പാർട്ടി ദേശീയ കൗണ്‍സിൽ തീരുമാനം ദിവാകരൻ അറിഞ്ഞിട്ടില്ല എന്നു പറയുന്നതു തന്റെ കുറ്റമല്ലെന്നാണു കാനത്തിന്റെ മറുപടി. പാർട്ടിയിൽ പ്രായപരിധി നടപ്പാക്കുകതന്നെ ചെയ്യുമെന്നുംകൂടി കാനം വ്യക്തമാക്കുന്നതോടെ സിപിഐ സംസ്ഥാന സമ്മേളനം രാഷ്ട്രീയപരമായി കൂടുതൽ ഗൗരവമേറിയതാകുമെന്നതും തീർച്ചയാണ്.
സിപിഐ ദേശീയ കൗണ്‍സിൽ തീരുമാനത്തെ പരസ്യമായി തള്ളിപ്പറഞ്ഞ ഇസ്മയിലിനെതിരേയും ദിവാകരനെതിരേയും പാർട്ടി അച്ചടക്കനടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. ഇരുവരുടെയും വിമർശനം പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്നാണു നേതാക്കളുടെ വിലയിരുത്തൽ.
സംസ്ഥാന സമ്മേളനപ്രതിനിധികളിൽ ഭൂരിപക്ഷവും കാനത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ സെക്രട്ടറി സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു നടന്നാൽ കാനം രാജേന്ദ്രനുതന്നെയാകും മുൻതൂക്കം. പക്ഷേ, ജില്ലാ സമ്മേളനങ്ങളിൽ കാനത്തിനെതിരേ ഉയർന്ന വിമർശനങ്ങളാണു ഇസ്മയിലിനെയും ദിവാകരനെയും ആവേശം കൊള്ളിക്കുന്നത്.
സിപിഎമ്മിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും ഒന്നും മിണ്ടുന്നില്ല എന്ന ആരോപണം മാത്രമാണു കാനത്തിനെതിരേ സമ്മേളനങ്ങളിൽ ഉയർന്നത്. അല്ലാതെ ഏതെങ്കിലും കാര്യത്തിൽ സംഘടനാപരമായി സെക്രട്ടറിക്കു വീഴ്ചയുണ്ടായെന്ന് ഒരു സമ്മേളനത്തിലും വിമർശനം ഉയർന്നതുമില്ല. കാനംതന്നെ വീണ്ടും സെക്രട്ടറിയാകണമെന്ന താത്പര്യമാണു സിപിഐ ദേശീയ നേതൃത്വത്തിനും ഉള്ളത്. സ്വാഭാവികമായും അതിനനുസരിച്ചുള്ള നടപടിക്രമങ്ങൾതന്നെയാകും സമ്മേളനത്തിൽ ദേശീയ നേതാക്കൾ സ്വീകരിക്കുക.