കൊച്ചിയിലെ ഫ്ളാറ്റിലെ കൊലപാതകം: രണ്ടു പേർ പിടിയിൽ
Thursday, August 18, 2022 12:27 AM IST
കൊച്ചി/കാസർഗോഡ്: കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കാസർഗോട്ട് പിടിയില്‍.
മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണ (22) യെ കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് ഇരിങ്ങൽ സ്വദേശി അർഷാദിനെ (27) യാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടിയത്.
അർഷാദിന് യാത്രാസൗകര്യമൊരുക്കിയതിന് കോഴിക്കോട് സ്വദേശി അശ്വന്തിനെയും (23) പിടികൂടി.
ഇൻഫോപാർക്കിനു സമീപം ഇടച്ചിറ ഒക്സോണിയ ഫ്ലാറ്റിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തോളം പഴക്കമുള്ള മൃതദേഹം പുതപ്പും മറ്റും ഉപയോഗിച്ച് കെട്ടിമറച്ച് ഫ്ലാറ്റിലെ പൈപ്പ് ഡക്ടിൽ ഒളിപ്പിച്ചനിലയിലായിരുന്നു. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ അർഷാദ് കർണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കാസർഗോഡ് പോലീസിന്റെ പിടിയിലായത്.
മൊബൈൽ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇയാളിലേക്ക് പോലീസെത്തിയത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അര്‍ഷാദിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷൻ. പ്രതികളിൽനിന്ന് 1560 ഗ്രാം കഞ്ചാവ്, 5.20 ഗ്രാം എംഡിഎംഎ, 104 ഗ്രാം ഹാഷിഷ് എന്നിവ പിടികൂടി. പ്രതികളുടെ പേരിൽ മയക്കുമരുന്നു കൈവശം വച്ചതിനും പോലീസ് കേസെടുത്തു. പ്രതികളെ കൊച്ചിയിൽ എത്തിക്കും.
‘സജീവും അര്‍ഷാദും ലഹരി ഉപയോഗിച്ചിരുന്നു’
കൊച്ചി: കാക്കനാട് ഫ്ളാറ്റില്‍ കൊലചെയ്യപ്പെട്ട സജീവ് കൃഷ്ണയും സംഭവത്തില്‍ പിടിയിലായ അര്‍ഷാദും ലഹരി ഉപയോഗിച്ചിരുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചത്.
മുറിയില്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതിന്റെ സൂചനകളുണ്ട്. എന്നാല്‍ ഫ്ളാറ്റില്‍നിന്നു ലഹരി മരുന്നു ലഭിച്ചിട്ടില്ല. അര്‍ഷാദ് മലപ്പുറം കൊണ്ടോട്ടിയിലെ ജ്വല്ലറി മോഷണക്കേസില്‍ പ്രതിയാണ്. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കൊല നടന്നത് രണ്ടുദിവസം മുമ്പാണെന്നും കമ്മീഷണര്‍ പറഞ്ഞു. കാസര്‍ഗോട്ടു നിന്നു പോലീസ് പിടിയിലാകുമ്പോള്‍ അര്‍ഷാദ് നോര്‍മല്‍ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരണശേഷവും സജീവിന്റെ മെസേജുകള്‍
കൊച്ചി: കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ഫോണില്‍നിന്ന് മരണത്തിനുശേഷവും സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ എത്തി. താന്‍ ഫ്ളാറ്റില്‍ ഇല്ലെന്നും ഫ്രണ്ടിന്റെ ഫ്ളാറ്റിലാണെന്നും പറഞ്ഞാണ് മെസേജുകൾ വന്നിരുന്നതെന്ന് ഒപ്പം താമസിച്ചിരുന്ന അംജാദ് മാധ്യമങ്ങളോട് പറഞ്ഞു. ആരും ഫ്ളാറ്റിലേക്ക് വരാതിരിക്കാന്‍ വേണ്ടി അര്‍ഷാദ് തന്നെയാകും സജീവിന്റെ ഫോണില്‍നിന്ന് മെസേജ് അയച്ചതെന്നാണ് കരുതുന്നത്.