വ്യാജ കറൻസി-ലോട്ടറി ടിക്കറ്റ് അച്ചടിച്ച് വിതരണം: രണ്ടു പേർ അറസ്റ്റിൽ
Tuesday, August 9, 2022 1:09 AM IST
ചങ്ങരംകുളം (മലപ്പുറം): വ്യാജ ലോട്ടറി ടിക്കറ്റും കറൻസിയും സ്വന്തമായി അച്ചടിച്ചു വിതരണം ചെയ്യുന്ന രണ്ടംഗ സംഘം പെരുന്പടപ്പ് പോലീസിന്റെ പിടിയിലായി.
കാസർഗോഡ് ചിറ്റാരിക്കൽ കന്പല്ലൂരിലെ അഞ്ചാനിക്കൽ അഷ്റഫ് എന്ന ജെയ്സണ്(48), കേച്ചേരി പാറപ്പുറം ചിറനെല്ലൂർ പാറപ്പുറം പ്രജീഷ് (37) എന്നിവരെയാണ് പെരുന്പടപ്പ് സിഐ വിമോദും സംഘവും അറസ്റ്റ് ചെയ്തത്. 2000 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി കൈമാറി 600 രൂപയുടെ ടിക്കറ്റെടുത്ത് 1400 രൂപ ബാക്കി വാങ്ങി തട്ടിപ്പ് നടത്തിയതായി പെരുന്പടപ്പ് പോലീസിൽ പരാതി ലഭിച്ചിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ്, പിടിയിലായ പ്രതികളുടെ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചതും പ്രതികളിൽനിന്നു രണ്ടുമൊബൈൽ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ടറികളും കെൽ -51 എൽ 1214 നന്പർ വ്യാജ രജിസ്ട്രേഷനിലുള്ള ടിവിഎസ് എൻഡോർക്ക് വാഹനവും പിടിച്ചെടുത്തു.