വിഴിഞ്ഞം: പ്രത്യാഘാതങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ നിർമാണം നിർത്തണമെന്നു കെആർഎൽസിസി
Tuesday, August 9, 2022 12:39 AM IST
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നു കെആർഎൽസിസി ആവശ്യപ്പെട്ടു.
തുറമുഖത്തിന്റെ ഭാഗമായി പുലിമുട്ടിന്റെയും കടൽ നികത്തുന്നതിന്റെയും പുരോഗതിക്കനുസരിച്ച് തിരുവനന്തപുരം ജില്ലയുടെ തീരവും കടലെടുക്കുകയാണ്. ഇതു വിനാശകരവും അപരിഹാര്യവുമായ നഷ്ടമാണ്. തീരശോഷണം ഭയാനകമായ രീതിയിൽ ഉയർന്ന് ഇതിനകംതന്നെ പ്രധാന വിനോദ കേന്ദ്രങ്ങളായ കോവളം, ശംഖുമുഖം കടൽത്തീരങ്ങളെയും ആയിരിക്കണക്കിന് കുടുംബങ്ങളെയും ബാധിക്കുന്നു.
തീരസംരക്ഷണത്തിനായി പണിയുന്ന ഡയഫ്രം ഭിത്തികൾക്ക് തീരത്തെ സംരക്ഷിച്ചു നിർത്താനാവുമോ എന്ന ആശങ്കയുണ്ട്. നിർമാണത്തിന്റെ സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെപ്പറ്റി ഈ ഘട്ടത്തിൽ സത്യസന്ധവും സുതാര്യവുമായ പഠനം നടത്തി പ്രത്യാഘാതങ്ങൾ പരിഹരിക്കണമെന്ന് കെആർഎൽസിസി സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു.
‘കടൽ’ ചെയർമാൻ ബിഷപ് ഡോ. ജെയിംസ് ആനാപറന്പിൽ, തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോണ്‍. യൂജിൻ പെരേര, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി പി. ജെ. തോമസ്, ഫാ. മൈക്കിൾ തോമസ്, ജീവനാദം എഡിറ്റർ ജെക്കോബി, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.