മോണ്‍. ആന്റണി കാക്കനാട്ട്, മോണ്‍. മാത്യു മനകരക്കാവിൽ എന്നിവരുടെ മെത്രാഭിഷേകം 15ന്
Wednesday, July 6, 2022 1:47 AM IST
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയിൽ പുതിയതായി നിയമിതരായ മോണ്‍. ആന്റണി കാക്കനാട്ട് റന്പാനും മോണ്‍. മാത്യു മനകരക്കാവിൽ റന്പാനും 15ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ മെത്രാന്മാരായി അഭിഷിക്തരാകും.
ദൈവദാസൻ മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ദിവ്യബലിമധ്യേയാണ് ഇരുവരും മെത്രാന്മാരായി അഭിഷിക്തരാകുന്നത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുശ്രൂഷകൾക്കു മുഖ്യകാർമികത്വംവഹിക്കും. സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ സഹകാർമികരാകും.
സീറോ മലബാർ, ലത്തീൻ സഭകളിലെ മെത്രാന്മാരും മറ്റ് ക്രൈതസ്തവ സഭകളിലെ മെത്രാന്മാരും ചടങ്ങിൽ സംബന്ധിക്കും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നൽകും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾഡോ ജിറേല്ലി, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച ബിഷപ് ഡോ.തോമസ് ജെ. നെറ്റോ എന്നിവർ അനുഗ്രഹ സന്ദേശങ്ങൾ നൽകും.
മെത്രാഭിഷേകവേളയിൽ നിയുക്തമെത്രാന്മാർ പുതിയ പേരുകൾ സ്വീകരിക്കും. പ്രധാന കാർമികൻ ശിരസിൽ കൈവച്ച് ആശീർവദിച്ചതിനുശേഷം അംശവസ്ത്രങ്ങൾ ധരിപ്പിക്കുകയും അധികാരചിഹ്നമായ അംശവടി നൽകുകയും ചെയ്യും.
സിംഹാസനത്തിൽ ഇരുന്ന് നവാഭിഷിക്തരായ മെത്രാന്മാർ സുവിശേഷം വായിക്കുകയും ജനത്തെ ആശീർവദിക്കുകയും ചെയ്യും. ഈ സമയത്ത് സിംഹാസനം മൂന്നുപ്രാവശ്യം ഉയർത്തുന്പോൾ ജനം ഇവൻ യോഗ്യനെന്ന് അർഥമുള്ള ‘ഓക്സിയോസ്’ ഏറ്റുചൊല്ലും.
മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ പട്ടം സെന്റ് മേരീസ് കത്തീഡ്രൽ അങ്കണത്തിൽ നടന്നുവരുന്നു. കത്തീഡ്രലിനിരുവശത്തുമായി പതിനായിരംപേർക്ക് ഇരിക്കാവുന്ന പന്തലിന്റെ പണി പൂർത്തിയായിവരുന്നു. നാലാഞ്ചിറ മാർ ഈവാനിയോസ് വിദ്യാനഗറിലും പട്ടം സെന്റ് മേരിസ് കോന്പൗണ്ടിലുമായി പാർക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.