ഫിനഹാസ് റന്പാച്ചൻ അന്തരിച്ചു
Wednesday, July 6, 2022 1:47 AM IST
കോലഞ്ചേരി: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗവും മലങ്കരയിലെ താപസശ്രേഷ്ഠനുമായ ഫിനഹാസ് റമ്പാൻ (ജോസഫ്-89) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മലേക്കുരിശ് ദയറായിൽ. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുർബാനയും തുടർന്ന് പൊതുദർശനവും ഉണ്ടാകും.
ചെറായി വാഴപ്പിള്ളിയിൽ പത്രോസ് കോർ എപ്പിസ്കോപ്പയുടെയും മണർകാട് മാന്താറ്റിൽ മറിയാമ്മയുടെയും പുത്രനായി 1934 ഏപ്രിൽ 14നായിരുന്നു ജോസഫിന്റെ ജനനം. സഹോദരങ്ങൾ: വത്സ പീറ്റർ, നാൻസി പീറ്റർ, പരേതരായ വി.പി. പൗലോസ്, വി.പി. ജോർജ്, വി.പി. ഏലിയാസ്, വി.പി. സാറാമ്മ.
മൂവാറ്റുപുഴയിൽ തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോസഫ് 1967ൽ ജോലിയും വീടും ഉപേക്ഷിച്ചശേഷം മൂവാറ്റുപുഴ അരമനയിലും പിറമാടം ദയറയിലും മഞ്ഞനിക്കര ദയറയിലും അല്ലാതെ മറ്റെവിടെയും പോകാൻ തയാറായില്ല. മാതാപിതാക്കളുടെ സംസ്കാരത്തിനുപോലും പോയില്ല. 1976ൽ മലേക്കുരിശിൽ എത്തി.
പൗരസ്ത്യ കാതോലിക്ക ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ ബാവ നിർബന്ധിച്ചിട്ടും പൗരോഹിത്യം സ്വീകരിക്കാൻ വിസമ്മതിച്ച ജോസഫ് അധ്യാപകനായി ദയറായിൽ തുടർന്നു. 2006 ഒക്ടോബർ 21നു മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പൂർണ ശെമ്മാശപട്ടം നൽകി. ഒക്ടോബർ 28നു കശീശാ പട്ടവും നവംബർ രണ്ടിനു റമ്പാൻ സ്ഥാനവും സ്വീകരിച്ചു.