പത്രപ്രവർത്തക പെന്ഷന് വെട്ടിക്കുറയ്ക്കല്‍: നിയമസഭാ മാര്‍ച്ച് നടത്തും
Wednesday, June 29, 2022 12:43 AM IST
കൊച്ചി: ബജറ്റില്‍ 1000 രൂപ പത്രപ്രവർത്തക പെന്ഷന് വര്‍ധന പ്രഖ്യാപിച്ച ശേഷം 500 രൂപയായി വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ജൂലൈ ആറിന് നിയമസഭാ മാര്‍ച്ച് നടത്തും. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഫോറം സംസ്ഥാന കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.
യോഗത്തില്‍ വൈസ് പ്രസിഡന്റ് എം. ബാലഗോപാലന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. മാധവന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ജി. മത്തായി വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
എന്‍. ശ്രീകുമാര്‍, അലക്സാണ്ടര്‍ സാം, ഡോ. നടുവട്ടം സത്യശീലന്, കെ.പി. വിജയകുമാര്‍, പി. ഗോപി, എം.ജെ. ബാബു, തേക്കിന്‍കാട് ജോസഫ്, എ. സമ്പത്ത്, ശശിധരന് കണ്ടത്തില്‍, എം.വി. രവീന്ദ്രന്, വി.സുരേന്ദ്രന്, സി.പി. രാജശേഖരന്, മുഹമ്മദ് കോയ കിണാശേരി, പി.ഒ. തങ്കച്ചന്, ഡോ. ടി.വി. മുഹമ്മദലി, പി.പി. മുഹമ്മദ് കുട്ടി, പി.ആര്. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.