അധികാരം നിലനിര്‍ത്താൻ പിണറായി വർഗീയതയോട് സന്ധി ചെയ്യുന്നെന്ന് കെ.സി. വേണുഗോപാല്‍
Friday, May 27, 2022 1:23 AM IST
കൊച്ചി: അധികാരം നിലനിര്‍ത്താനും കേസുകളില്‍നിന്ന് രക്ഷപ്പെടാനും മുഖ്യമന്ത്രി പിണറായി വിജയന് വർഗീയതയോട് സന്ധി ചെയ്യുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഒരേസമയം മതേരത്വം പ്രസംഗിക്കുകയും വര്‍ഗീയശക്തികളോട് കൂട്ടുകൂടുകയുമാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
പാതിവഴിയില്‍ അന്വേഷണം നിലച്ച കേസുകളുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയുമായി ഉണ്ടാക്കിയ പാക്കേജിലെ വിശദാംശങ്ങള്‍ എന്തെന്ന് പിണറായി വെളിപ്പെടുത്തണം. മതേതരകേരളത്തില്‍ വര്‍ഗീയത ആളിക്കത്തിച്ച് ബിജെപിക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്ന പിണറായിയുടെ പുതിയതരം ‘സോഷ്യല്‍ എന്‍ജിനിയറിംഗ്’ ഈ പാക്കേജിന്റെ ഭാഗമായി വേണം കരുതാൻ. ഏത് കോര്‍പറേറ്റ് ഭീമനാണ് ഇരുവര്‍ക്കുമിടയിലെ ഇടനിലക്കാരനെന്നും വേണുഗോപാല്‍ ചോദിച്ചു.
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ പര്യടനം കാക്കനാട് മനക്കക്കടവില്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.