എയ്ഡഡ് വിദ്യാഭ്യാസ മേഖലക്കെതിരേയുള്ള നീക്കം അപലപനീയം: കത്തോലിക്കാ കോൺഗ്രസ്
Thursday, May 26, 2022 1:55 AM IST
കൊച്ചി: എയ്ഡഡ് അധ്യാപക നിയമനം പിഎസ് സിക്കു വിടുമെന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഏ.കെ. ബാലന്റെ പ്രസ്താവന ദുരുദ്ദേശ്യപരവും അപലപനീയവുമാണെന്നു കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി .
ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശപരിധിക്കകത്തു നിന്നുകൊണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിന് സർക്കാർ നിയന്ത്രണങ്ങൾ വീണ്ടും വീണ്ടും കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. ഇത് അംഗീകരിക്കില്ല . എന്തിനും ഏതിനും വിമോചന സമരത്തെ വലിച്ചിഴച്ചു കേരള ജനതയെ രാഷ്ട്രീയമായി ബ്ലാക്മെയിൽ ചെയ്യുന്ന സിപിഎം നയം ഭൂഷണമല്ല .
ഇത് സർക്കാർ നയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സർ സിപിയുടെയും മുണ്ടശേരിയുടെയും കാലം മുതൽ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്ഥാപിത താൽപര്യങ്ങൾക്കായി പിടിച്ചെടുക്കുവാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് സിപിഎം നേതാവിന്റെ ഈ പ്രസ്താവന.
ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പകർന്നു നൽകിയ ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ ഫലമായാണ് മലയാളികൾക്ക് ലോകമെമ്പാടും തൊഴിൽ അവസരങ്ങൾ ഒരുങ്ങിയത് എന്ന് മറക്കരുത് . ജാതി, മത ഭേദമെന്യേ സാധാരണക്കാർക്ക് ഉന്നത മൂല്യമുള്ള വിദ്യാഭ്യാസം നൽകിയിട്ടുള്ളതും ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നതും ക്രൈസ്തവ സ്ഥാപനങ്ങളാണ് .
ഇത്തരം സ്ഥാപനങ്ങൾ സമുദായത്തിന്റെ സമ്പത്തും മനുഷ്യവിഭവശേഷിയും വിനിയോഗിച്ചാണ് കെട്ടിപ്പെടുത്തിട്ടുള്ളത് . ഈ സ്ഥാപനങ്ങളിൽ കണ്ണുവച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന കുത്സിത ശ്രമങ്ങളെ എന്തുവില കൊടുത്തും എതിർക്കുമെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ജിയോ കടവി , ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, ഡോ.ജോസ്കുട്ടി ജെ. ഒഴുകയിൽ, മാത്യു വർക്കി നിരപ്പേൽ കൊല്ലടിക്കോട്, ബേബി നെട്ടനാനി, ബെന്നി ആന്റണി, ചാർളി മാത്യു, ബാബു കദളിമറ്റം, ഐപ്പച്ചൻ തടിക്കാട്ട്, ചാക്കോച്ചൻ കാരാമയിൽ, വർഗീസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.