ലൈംഗിക പീഡനം പരാതി കിട്ടിയാൽ ഒരുമണിക്കൂറിനകം നടപടിയെടുക്കണമെന്ന് ഹൈക്കോടതി
Tuesday, May 24, 2022 4:01 AM IST
കൊച്ചി: ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതിനല്‍കാനും ഇത്തരം പരാതികളില്‍ തുടര്‍നടപടി സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്കി. പരാതി നല്കിയാല് കഴിയുന്നതും ഒരു മണിക്കൂറിനകം തുടര്നടപടിയെടുക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് നല്‍കിയത്.
പീഡനക്കേസില്‍ ഇരയായ ഒരു യുവതി അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പരാതിപ്പെടാന്‍ ഒരു ടോള്‍ ഫ്രീ നമ്പറുണ്ടാവുകയാണ് ആദ്യം വേണ്ടതെന്നും നിലവിലുള്ള നടപടികള്‍ പലതും കടലാസില്‍ ഉറങ്ങുകയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.