സംസ്ഥാനം അധിക നികുതി വരുമാനം വേണ്ടെന്നു വയ്ക്കണം: വി.ഡി. സതീശന്
Monday, May 23, 2022 1:28 AM IST
കൊച്ചി: ഇന്ധന നികുതിയില്‍നിന്ന് അധികമായി ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
കേരള സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണ്. ഓരോ തവണയും ഇന്ധന വില കൂടുമ്പോള്‍ നികുതി വരുമാനം കൂടുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണ്. നൂറു രൂപയാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിന്റെ 30.8 ശതമാനമാണ് കേരളത്തിനു ലഭിക്കുന്നത്. അത് മറച്ചുവച്ചാണ് ഇപ്പോഴത്തെ ധനമന്ത്രിയും മുന്‍ ധനമന്ത്രിയും സംസാരിക്കുന്നതെന്നും സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇന്ധന നികുതിയില്‍ നാമമാത്രമായ കുറവാണു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും കുറവു വരുത്താന്‍ കേന്ദ്രം തയാറാകണം. സംസ്ഥാനം ചുമത്തിയിരിക്കുന്ന ഇന്ധന നികുതി കുറയ്ക്കാനല്ല കേന്ദ്രം നികുതി വര്‍ധിപ്പിച്ചപ്പോള്‍ ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സതീശന് പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. തൃക്കാക്കരയില്‍ 99, നൂറാക്കാന്‍ നടക്കുകയാണ്. നൂറായത് തക്കാളിയുടെ വിലയാണ്. തൃക്കാക്കരയ്ക്കുവേണ്ടി എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിക കാപട്യമാണ്. കൊച്ചിയുടെ വികസനത്തിനു തുരങ്കം വച്ചവരാണ് ഇപ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത്. പി.സി. ജോര്‍ജിനു മുങ്ങാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുത്തതു സര്‍ക്കാരാണെന്നും സതീശന് കുറ്റപ്പെടുത്തി. കോടതിക്കു പുറത്തും തൃക്കാക്കരയിലും ജോര്‍ജ് വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ചു. എന്നിട്ടും നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പ്രസംഗം നടത്താന്‍ ജോര്‍ജിനെ ക്ഷണിച്ചുകൊണ്ടുവന്നത് ആരാണെന്ന് അന്വേഷിക്കണം. ജോര്‍ജിനെ ക്ഷണിച്ചു കൊണ്ടുവന്നയാള്‍ക്ക് അടുത്തിടെ കോണ്‍ഗ്രസ് വിട്ട ഡിസിസി ഭാരവാഹിയുമായി ബന്ധമുണ്ട്. ഇയാള്‍ക്ക് ഇ.പി. ജയരാജനുമായി എന്തു ബന്ധമാണുള്ളതെന്നും മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും സതീശന് പറഞ്ഞു.
മുഖ്യമന്ത്രി ഷാള്‍ ഇട്ട് സ്വീകരിച്ചയാളെ എന്തുകൊണ്ടാണു പ്രചാരണത്തിന് ഇറക്കാത്തതെന്ന് മുഖ്യമന്ത്രിയോടാണു ചോദിക്കേണ്ടതെന്നു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന ആരും പാര്‍ട്ടി വിടില്ല. ഇപ്പോള്‍ പോയവരൊക്കെ ഒറ്റയ്ക്കാണു പോയത്. തലകറങ്ങി വീണാല്‍ സോഡ വാങ്ങിക്കൊടുക്കാന്‍ പോലും ആരും ഒപ്പം പോയില്ലെന്നും സതീശന് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ യുഡിഎഫ് അതിജീവിതയ്ക്കൊപ്പമാണ്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തിയായി എതിര്‍ക്കുമെന്നും ആരെയെങ്കിലും രക്ഷപ്പെടുത്താനുള്ള ഒന്നായി അന്വേഷണം മാറാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.