മണ്‍സൂണ്‍ ആര്‍ട്ട് ഫെസ്റ്റിന് നാളെ കൊച്ചിയിൽ തുടക്കം
Saturday, May 21, 2022 1:00 AM IST
കൊച്ചി: 200 മലയാളി കലാകാരന്മാരുടെ ചിത്രങ്ങളും ശില്പങ്ങളും ഗ്രാഫിക് പ്രിന്റുകളുമടക്കം അഞ്ഞൂറോളം കലാസൃഷ്ടികള്‍ അണിനിരത്തുന്ന മണ്‍സൂണ്‍ ആര്‍ട്ട് ഫെസ്റ്റിന് നാളെ കൊച്ചി ദര്‍ബാര്‍ ഹാളില്‍ തുടക്കം.
കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററും കോട്ടയം ആര്‍ട്ട് ഫൗണ്ടേഷനും ചേര്‍ന്നാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ ആര്‍ട്ട് ഫെസ്റ്റിന്റെ അഞ്ചാം എഡിഷന് നടത്തുന്നത്.
എഴുത്തുകാരന് സി.വി. ബാലകൃഷ്ണന്പ്രദര്ശന വില്പന മേള ഉദ്ഘാടനം ചെയ്യും. കേരള ലളിതകലാ അക്കാഡമി മുന്‍ ചെയര്മാന് കെ.എ. ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും.
പഴയതും പുതിയതുമായ തലമുറയിലെ പ്രശസ്തരുടെ ഏറ്റവും പുതിയ കലാസൃഷ്ടികളാണ് ഒരുക്കുകയെന്നു ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി അറിയിച്ചു.
കെ.എസ്. രാധാകൃഷ്ണന്, പി. ഗോപിനാഥ്, അച്ചുതന് കൂടല്ലൂര്‍, കെ. കെ.മുഹമ്മദ്, ബി.ഡി. ദത്തന്, അനില ജേക്കബ്, സജിത ശങ്കര്‍, ടി.എം. അസീസ്, ബാബു സേവ്യര്‍, കെ. രഘുനാഥന്, അജയകുമാര്‍, സി. ഭാഗ്യനാഥന്, ടോം വട്ടക്കുഴി, ടി.കെ. ഹരീന്ദ്രന്‍,മനോജ് വൈലൂര്‍, ഷിജോ ജേക്കബ്, പി.എസ്. ജലജ, നജീന നീലാംബരന്‍, ഇ.ജി. ചിത്ര, കെ.ടി. മത്തായി തുടങ്ങി ഇരുന്നൂറോളം ചിത്ര-ശില്പ കലാകാരന്മാരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
കേരളത്തിലെങ്ങും ഇത്തരം മേളകൾ നടത്തുകയും കലാരംഗത്തുള്ളവർക്ക് ആത്മവിശ്വാസം നല്‍കുകയുമാണ് ലക്ഷ്യമെന്നും ഫാ. പുതുശേരി അറിയിച്ചു. മേള 22നു സമാപിക്കും. പ്രവേശനം സൗജന്യമാണ്.