സി വിഭാഗത്തിൽ ഫെബ്രുവരി എട്ടു വരെ കേരള, എംജി സര്‍വകലാശാലാ പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു
Saturday, January 29, 2022 1:16 AM IST
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കോളജുകളില്‍ കേരള, എംജി സര്‍വകലാശാലകള്‍ ഫെബ്രുവരി എട്ടു വരെ പരീക്ഷകള്‍ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു.
കോവിഡ് വ്യാപനം കൂടിയ സി വിഭാഗത്തിലുള്ള ഈ ജില്ലകളിലെ കോളജുകളില്‍ പരീക്ഷ നടത്തുന്നതിനെതിരേ എന്‍എസ്എസ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് രാജാ വിജയരാഘവന്റെ ഇടക്കാല ഉത്തരവ്. 20 പേരില്‍ കൂടുതല്‍ ഒത്തുകൂടരുതെന്ന മാര്‍ഗനിര്‍ദേശം നിലനില്‍ക്കെയാണ് സര്‍വകലാശാലകള്‍ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ ഒരുങ്ങുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
സി വിഭാഗത്തിലുള്ള ജില്ലകളിലെ ടിപിആര്‍ 50 ശതമാനത്തില്‍ കൂടുതലാണ്. എംജി സര്‍വകലാശാല ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിലും കേരള സര്‍വകലാശാല ഫെബ്രുവരി എട്ടിനും പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടന്ന് ഹര്‍ജിയില്‍ പറയുന്നു.
തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും താത്പര്യം കണക്കിലെടുത്ത് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് നല്‍കിയത്.