സർക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പ്: കെസിവൈഎം
Friday, January 28, 2022 1:26 AM IST
കൊച്ചി: ജനോപകാരപ്രദമായ മദ്യനയം വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അടിക്കടിയുള്ള ഉത്തരവുകൾ തികഞ്ഞ ജനവിരുദ്ധതയാണെന്ന് കെസിവൈഎം സംസ്ഥാന സമിതി. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലേക്കും അവകാശങ്ങളിലേക്കും കണ്ണു തുറക്കേണ്ട നിയമങ്ങൾ രൂപപ്പെടുത്തേണ്ട സർക്കാരിന്റെ മദ്യവർജന നയം തികഞ്ഞ അസംബന്ധമാണെന്നും കെസിവൈഎം ചൂണ്ടിക്കാട്ടി.
ലഹരിമാഫിയ അനിയന്ത്രിതമായി പിടിമുറുക്കുന്ന കേരളീയ പൊതുസമൂഹത്തിൽ സർക്കാരിന്റെ ഒത്താശയോടെ എന്തും വിൽക്കാമെന്ന സ്ഥിതിവിശേഷം അനുവദിക്കാനാവില്ല. എക്സൈസ് ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന സർക്കാരിന്റെ മദ്യനയത്തിൽ മദ്യശാലകൾ അടച്ചുപൂട്ടി മദ്യലഭ്യത കുറയ്ക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, ഡെലിൻ ഡേവിഡ്, ജിബിൻ ഗബ്രിയേൽ, ഷിനോ നിലക്കപ്പള്ളി, തുഷാര തോമസ്, സ്മിത ആന്റണി, ലിനു വി. ഡേവിഡ്, സെലിൻ ചന്ദ്രബാബു, സിസ്റ്റർ റോസ് മെറിൻ എന്നിവർ പ്രസംഗിച്ചു.