തദ്ദേശ സ്ഥാപനങ്ങൾക്ക് 1056 കോടി രൂപ അനുവദിച്ചു
Wednesday, January 26, 2022 12:52 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള മെയിന്റനൻസ് ഗ്രാന്റിന്റെ മൂന്നാം ഗഡു 1056 കോടി രൂപ അനുവദിച്ചതായി ധന മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡ് നിർമാണത്തിനും കെട്ടിടങ്ങൾ, കളിസ്ഥലങ്ങൾ, കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയുള്ള ഇതര പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്കും വേണ്ടിയാണ് ഗ്രാന്റ് അനുവദിച്ചിരുന്നത്. സംസ്ഥാനത്തെ പ്രാദേശിക വികസനപ്രവർത്തനങ്ങൾക്ക് കൂടുതൽ ഗതിവേഗം കൈവരിക്കാൻ ഈ തുക ലഭ്യമാക്കുന്നതിലൂടെ സാധിക്കും.
മുനിസിപ്പൽ കോർപറേഷനുകൾക്ക് 57.46 കോടി രൂപയും മുനിസിപ്പാലിറ്റികൾക്ക് 122.12 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 86.78 കോടിയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 43.75 കോടി രൂപയും ഗ്രാമപഞ്ചായത്തുകൾക്ക് 746 കോടിയുമാണ് അനുവദിച്ചത്.