കോവിഡ്: നേരിയ രോഗലക്ഷണമുള്ളവർക്ക് ഏഴുദിവസം കഴിഞ്ഞാൽ നിരീക്ഷണം അവസാനിപ്പിക്കാം
Friday, January 21, 2022 12:39 AM IST
തിരുവനന്തപുരം: നേരിയ രോഗലക്ഷണങ്ങളുള്ളവരും ലക്ഷണങ്ങളില്ലാത്തവരുമായ കോവിഡ് രോഗികൾ ഏഴു ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയാൽ ഗൃഹനിരീക്ഷണം അവസാനിപ്പിക്കാമെന്നു തീരുമാനം.
നേരിയ രോഗലക്ഷണമുള്ളവർക്ക് ഡിസ്ചാർജ് ചെയ്യുന്നതിന് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗലക്ഷണങ്ങളുള്ള രോഗികൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതു മുതലോ, ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കോവിഡ് സ്ഥിരീകരിച്ചതു മുതലോ വീട്ടിൽ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയുക. അതോടൊപ്പം മൂന്നു ദിവസം തുടർച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താൽ ഗൃഹനിരീക്ഷണം അവസാനിപ്പിക്കാം.
പുതുക്കിയ ഡിസ്ചാർഡ് പോളിസിയിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവർ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാർജ് പോളിസി പുതുക്കിയത്.