കോവിഡ്: ജനങ്ങളെ വിധിക്കു വിട്ടുകൊടുത്ത് സർക്കാർ മാറിനിൽക്കുന്നു- ചെന്നിത്തല
Thursday, January 20, 2022 1:42 AM IST
തിരുവനന്തപുരം: കോവിഡ് എല്ലാ നിയന്ത്രണവും വിട്ടു കാട്ടുതീ പോലെ പടരുകയാണെങ്കിലും സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കി നിൽക്കുകയാണെന്നു കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞു. പക്ഷേ, സർക്കാർ ഇപ്പോഴും ആലോചനയിലാണ്. അവലോകന യോഗം പോലും ചേരാൻ ഇരിക്കുന്നതേയുള്ളൂ.
തന്റെ കഴിവില്ലായ്മ ആരോഗ്യ മന്ത്രി ഇതിനകം തെളിയിച്ചു കഴിഞ്ഞു. സാധാരണ ടെലിവിഷനിൽ വന്ന് വാചകക്കസർത്തു നടത്തുന്ന മുഖ്യമന്ത്രിയെയും ഇത്തവണ കാണാനില്ല. ഈ മഹാമാരി കാലത്ത് ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാർ അവരെ വിധിക്ക് എറിഞ്ഞു കൊടുത്തിട്ടു മാറി നിൽക്കുന്നു.
ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥ സർക്കാരും സർക്കാരിനു നേതൃത്വം നൽകുന്ന സിപിഎമ്മും വരുത്തി വച്ചതാണ്. സിപിഎമ്മിന്റെ സമ്മേളനങ്ങൾ നടക്കുന്നതിനാലാണു മൂന്നാം തരംഗത്തിന്റെ തുടക്കം കണ്ടിട്ടും സർക്കാർ നിയന്ത്രണങ്ങളിലേക്കു കടക്കാതിരുന്നതെന്നു ചെന്നിത്തല കുറ്റപ്പെടുത്തി.