എഐവൈഎഫ് സംസ്ഥാന സമ്മേളനം രണ്ടു മുതൽ കണ്ണൂരിൽ
Tuesday, November 30, 2021 12:34 AM IST
കണ്ണൂർ: എഐവൈഎഫ് 21-ാം സംസ്ഥാന സമ്മേളനം ഡിസംബർ രണ്ടു മുതൽ നാലു വരെ കണ്ണൂരിൽ നടക്കും. മൂന്ന് പതിറ്റാണ്ടുകൾക്കുശേഷമാണ് എഐവൈഎഫ് സംസ്ഥാനസമ്മേളനത്തിന് കണ്ണൂർ ആതിഥ്യമരുളുന്നത്. ടൗൺ സ്ക്വയറിൽ രണ്ടിന് വൈകുന്നേരം നാലിന് പതാക-കൊടിമരം-ദീപശിഖ ജാഥകളുടെ സംഗമം നടക്കും.
തുടർന്ന് 4.30ന് ടൗൺ സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് മോഹിനിയാട്ടം അരങ്ങേറും.
മൂന്നിന് രാവിലെ പത്തിന് റബ്കോ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദി ടെലിഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എംപി, ആർ. തിരുമലൈ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.
നാലിന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം തുടരും. മന്ത്രി ജെ. ചിഞ്ചുറാണി, കെ.പി. രാജേന്ദ്രൻ, വി. ചാമുണ്ണി, സി.പി. മുരളി, വി.എസ്. സുനിൽകുമാർ, പി.എസ്. സുപാൽ, തപസ് സിൻഹ, ജി.കൃഷ്ണപ്രസാദ്, പി. കബീർ, ജയചന്ദ്രൻ കല്ലിങ്കൽ, ഒ.കെ. ജയകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. വൈകുന്നേരം ആറിന് സമാപനസമ്മേളനത്തോടെ സമ്മേളനം അവസാനിക്കും.
വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേയും യുവജനങ്ങളെ കേന്ദ്രീകരിച്ച് ശക്തിപ്പെടുന്ന ലഹരിമാഫിയ സംഘങ്ങൾക്കെതിരേയും ആരംഭിച്ച കാമ്പയിനുകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് എഐവൈഎഫ് നേതാക്കൾ പറഞ്ഞു. കെ-റെയിൽ സംബന്ധിച്ച വിഷയത്തിൽ സമ്മേളനം വിശദമായി ചർച്ച ചെയ്ത് നിലപാട് വ്യക്തമാക്കും.