കൈക്കൂലി വാങ്ങുന്നതിനിടെ പിആർഡി ഉദ്യോഗസ്ഥൻ പിടിയിൽ
Thursday, October 28, 2021 12:59 AM IST
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിആർഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഓഡിയോ-വീഡിയോ ഓഫീസറായ ജി. വിനോദ്കുമാറിനെയാണ് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.
സർക്കാരിനു കീഴിലെ ഓണ്‍ലൈൻ റേഡിയോ പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുന്ന പബ്ളിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥനാണ് വിനോദ് കുമാർ. തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപം കാറിൽവച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സർക്കാരിനുവേണ്ടി ഓഡിയോ, വീഡിയോ പ്രോഗ്രാമുകൾ നിർമിച്ചു നൽകുന്ന മെഗാ മീഡിയ എന്ന സ്ഥാപനത്തിന് വിവിധ പ്രോഗ്രാമുകൾ നിർമിച്ചു നൽകിയ വകയിൽ 21 ലക്ഷം രൂപയുടെ ബിൽ മാറാനുണ്ടായിരുന്നു.
ഈ തുക മാറി നൽകുന്നതിനായി മെഗാ സ്ഥാപന ഉടമയായ രതീഷ് പല പ്രാവശ്യം വിനോദ് കുമാറിനെ സമീപിച്ചെങ്കിലും ബിൽ മടക്കുകയായിരുന്നു. ഒടുവിൽ ബില്ലിന്റെ 15 ശതമാനം തുകയായ 3.75 ലക്ഷം രൂപ നൽകാമെങ്കിൽ ബിൽ മാറി നൽകാമെന്ന് അറിയിക്കുകയും രതീഷ് ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയുമായിരുന്നു.
മെഡിക്കൽ കോളജ് പരിസരത്തു നിന്നു കസ്റ്റഡിയിലെടുത്ത വിനോദ് കുമാറിനെ വിജിലൻസ് കോടതിയിൽ ഹാജരാക്കി.