വിലക്കയറ്റം: നിർമാണമേഖല സ്തംഭനത്തിലേക്ക്; ബിൽഡേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയെ സമീപിച്ചു
Wednesday, October 27, 2021 12:15 AM IST
തൃശൂർ: കെട്ടിടനിർമാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തെതുടർന്ന് സംസ്ഥാനത്തെ നിർമാണ മേഖല സ്തംഭനത്തിലേക്കു നീങ്ങുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ മുഖ്യമന്ത്രിയെ സമീപിച്ചു.
സിമന്റ്, കമ്പി, ബിറ്റുമെൻ മെറ്റീരിയൽസ് തുടങ്ങിയവയ്ക്ക് അനിയന്ത്രിതമായി വിലക്കയറ്റം ഉണ്ടാകുന്നതു മൂലം കരാറെടുത്തു പണികൾ നടത്തുന്നവർക്കു വൻ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദിവസേനയാണ് വിലക്കയറ്റം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു ചാക്ക് സിമന്റിന് 340 രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 450 -500 വരെയെത്തി. ഒരു കിലോ കമ്പിക്ക് 45 രൂപയുണ്ടായിരുന്നത് ഇപ്പോൾ എഴുപത്തഞ്ചിലും കൂടുതലുമാണ്. മണലിനും സിമന്റ് കട്ടയ്ക്കുമൊക്കെ വൻ വിലവർധനയാണ് ഉണ്ടായിരിക്കുന്നത്.
ഇന്ധനവില കൂടിയതിനാലാണ് വിലക്കയറ്റമെന്നാണ് വിശദീകരണം.
പക്ഷേ, പല നിർമാണജോലികളും കരാറടിസ്ഥാനത്തിൽ എടുത്തിട്ടുള്ളതിനാൽ വിലക്കയറ്റത്തിനനുസരിച്ച് കോണ്‍ട്രാക്ടർമാർക്കു പണം കൂടുതൽ ലഭിക്കില്ല. സർക്കാർ നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന കോണ്ട്രാക്ടർമാരും വൻപ്രതിസന്ധിയിലാണ്. എടുത്ത പണികൾ തീർക്കണമെങ്കിൽ വൻനഷ്ടം സഹിക്കേണ്ടിവരും.
സിമന്റ്, കമ്പി, മറ്റു നിർമാണ സാമഗ്രികൾ എന്നിവയ്ക്ക് അടിസ്ഥാനവില നിശ്ചയിച്ചില്ലെങ്കിൽ നിർമാണങ്ങൾ നിർത്തിവയ്ക്കേണ്ടിവരുമെന്നു കരാറുകാർ വ്യക്തമാക്കി.
നടപടിയെടുത്തില്ലെങ്കിൽ സെക്രട്ടേറിയറ്റിനു മുമ്പിൽ മുന്നറിയിപ്പു സമരം നടത്തിയതിനുശേഷം മേഖല സ്തംഭിപ്പിച്ചു നടത്തുന്ന സമരത്തിലേക്കു കടക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.