മയക്കുമരുന്നു നല്കി പീഡനം: മൂന്നു പേർ റിമാൻഡിൽ
Monday, September 27, 2021 11:59 PM IST
മലപ്പുറം: മലപ്പുറത്തു പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി മയക്കുമരുന്നു നൽകി പീഡിപ്പിച്ച കേസിൽ മൂന്നു പ്രതികൾ റിമാൻഡിൽ. കുഴിമണ്ണ കടുങ്ങല്ലൂർ കണ്ണാടിപ്പറമ്പ് നവാസ് ഷെരീഫ്, കാവനൂർ താഴത്തുവീടൻ മുഹമ്മദ്, പുൽപ്പറ്റ പൂക്കളത്തൂർ കണയംകോട്ടിൽ ജാവിദ് (26) എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ മയക്കുമരുന്നു നൽകി ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ മാസം എട്ടിനായിരുന്നു സംഭവം. പ്രതികൾക്കെതിരേ കേരള പോലീസ് ആക്ട് 57 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പോക്സോ വകുപ്പിലെ 5, 6 സെക്ഷൻ പ്രകാരവും ബലാത്സംഗകുറ്റത്തിന് 376, 366 വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. കരിപ്പൂർ എയർപോർട്ടിന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടിയെ കാറിൽ കൊണ്ടുപോയി ഹോട്ടലിലെത്തിച്ചു. രാത്രിയിൽ കഞ്ചാവു നൽകി. പിന്നീട് മയക്കുമരുന്നും നൽകി ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.