സിപിഐ നിലപാടു തള്ളി എ. വിജയരാഘവന്
Wednesday, September 15, 2021 1:38 AM IST
കൊച്ചി: ജോസ് കെ. മാണിക്ക് ജനപിന്തുണയില്ലെന്നും കേരള കോണ്‍ഗ്രസിന്റെ വരവ് മുന്നണിക്ക് കാര്യമായി ഗുണം ചെയ്തില്ലെന്നുമുള്ള സിപിഐ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ തള്ളി സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്. എല്ലാ ഇടതു പാര്‍ട്ടികള്‍ക്കും ജനപിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും യുഡിഎഫും തകര്‍ച്ചയുടെ വക്കിലാണ്. കൂടുതല്‍ പേര് കോണ്‍ഗ്രസ് വിട്ടുവരും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണു കെ.പി. അനില്‍കുമാറിന്റെ സിപിഎമ്മിലേക്കുള്ള വരവ്.
പി.എസ്. പ്രശാന്ത് സിപിഎമ്മിൽ എത്തിയപ്പോള്‍തന്നെ ഇക്കാര്യം ഞങ്ങള്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ആര്‍എസ്എസ് മനസാണുള്ളതെന്ന അനില്‍കുമാറിന്റെ വിമര്‍ശനം ശ്രദ്ധേയമാണ്. ഡിസിസി പുനഃസംഘടന കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ആക്കം കൂട്ടി.
ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിച്ച് സിപിഎമ്മോ ഇടതുപക്ഷമോ സ്ഥാനമാനങ്ങളൊന്നും നേടിയില്ലെന്നു പറഞ്ഞ വിജയരാഘവന്, ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ തമാശയായി കണ്ടാല്‍ മതിയെന്നും പറഞ്ഞു.