പാലക്കാട്ട് ബാങ്കിൽ കവർച്ച; 7.5 കിലോ സ്വർണം നഷ്ടമായി
Tuesday, July 27, 2021 12:56 AM IST
പാലക്കാട്: ചന്ദ്രനഗറിലെ സഹകരണ സംഘത്തിൽ വൻകവർച്ച. മരുതറോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽനിന്നാണ് ഏഴര കിലോ സ്വർണവും 18,000 രൂപയും കവർന്നത്. ദേശീയപാതയോരത്താണ് സൊസൈറ്റി ഓഫീസ്. പണയം വച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.
ഇന്നലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം പോലീസിനെ അറിയിച്ചത്. ഷട്ടറിന്റെ പൂട്ടു തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നിട്ടുള്ളത്. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ലോക്കർ തകർത്തു സ്വർണം കവരുകയായിരുന്നു. ലോക്കറിലെ ഇരുന്പുപാളികൾ മുറിച്ചായിരുന്നു മോഷണം. പ്രഫഷണൽ സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന.